ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പൊളിച്ചുനീക്കാന്‍ തുടങ്ങി
ഇരിങ്ങാലക്കുട: അപകടാവസ്ഥയിലായിരുന്ന മാര്‍ക്കറ്റിലെ ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ ജല അതോറിറ്റി ആരംഭിച്ചു. മാര്‍ക്കറ്റിലെ കുരിശങ്ങാടിയില് വാട്ടര്‍ അതോറിറ്റിക്കു മുമ്പെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വിഭാഗമായിരുന്ന സമയത്ത് സ്ഥാപിച്ച ജലസംഭരണിയാണ് പൊളിച്ചുനീക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. രണ്ടുദിവസത്തിനകം ജലസംഭരണി പൂര്‍ണമായും പൊളിച്ചുനീക്കുമെന്ന് അതോറിറ്റി അറിയിച്ചു. ആദ്യകാലത്ത് ഇതിനടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം ഈ ടാങ്കിലേക്ക് അടിച്ചായിരുന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്തിരുന്നത്.
പിന്നീടത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. കുറേക്കാലം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജലസംഭരണി പിന്നീട് ഉപയോഗശൂന്യമായി. കിണറും സമീപത്തുള്ള ജലസംഭരണിയുടെ തൂണുകളും കാടുകയറി. തൂണുകളെല്ലാം കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലായതോടെ സമീപത്തെ വീടുകള്‍ക്കും മാര്‍ക്കറ്റ് തൊഴിലാളികള്‍ക്കും റോഡിലൂടെ യാത്ര ചെയ്യുന്ന വിദ്യാര്ഥികളടക്കമുള്ളവര്ക്കും വലിയ ഭീഷണിയായി മാറിയിരുന്നു. അടിയന്തിരമായി ടാങ്ക് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് നഗരസഭയ്ക്കും ജലഅതോറിറ്റിക്കും കത്തുനല്‍കിയിരുന്നു.