ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, വിശ്വാസ സഹസ്രങ്ങള്‍ സാക്ഷി; രൂപം എഴുന്നള്ളിക്കലിന് വന്‍ ഭക്തജനത്തിരക്ക്
ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം. ഇന്നലെ രാവിലത്തെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പുകള്‍ നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവകൊണ്ടു വര്‍ണാഭമായിരുന്നു. പിണ്ടികളില് സ്ഥാപിച്ചിരുന്ന മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഭക്തിയുടെ നിറവിലാണു വിശുദ്ധന്റെ തിരുസ്വരൂപം ഭക്തര്‍ വീടുകളിലേക്കു ആനയിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചു വയ്ക്കലിന് ആയിരങ്ങള്‍ സാക്ഷിയായി. രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, നേര്‍ച്ച വെഞ്ചരിപ്പ് എന്നീ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റിയാണു നേര്‍ച്ച പന്തലില്‍ പ്രതിഷ്ഠിച്ചത്.
കത്തീഡ്രലില്‍ ഇന്ന്
10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാ ര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 3.00 നു തിരുനാള്‍ പ്രദക്ഷിണം. ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി ഇന്നും നാളെയും പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചതിരിഞ്ഞ് രണ്ടു മുതലാണ് ഗതാഗത നിയന്ത്രണം. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്കുവരുന്ന വാഹനങ്ങള്‍ ചന്തക്കുന്നില്‍ നിന്നും ബസ് സ്റ്റാന്‍ഡ് വഴി ബൈപാസ് റോഡിലെത്തി തൃശൂര്‍ക്കു പോകണം. കൊടുങ്ങല്ലൂരില്‍ നിന്നും ചാലക്കുടി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ചന്തക്കുന്നില്‍ നിന്നും വലതുവശം തിരിഞ്ഞു മാര്‍ക്കറ്റ് റോഡ് വഴി കൊല്ലാട്ടി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പോകേണ്ടതാണ്. തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ക്രൈസ്റ്റ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി മാര്‍വല്‍ ജംഗ്ഷനില്‍ നിന്നും ഇടതുവശം തിരിഞ്ഞ് കൊല്ലാട്ടി ജംഗ്ഷനില്‍ എത്തി വലത്തോട്ടു തിരിഞ്ഞ് മാര്‍ക്കറ്റ് റോ് വഴി ചന്തക്കുന്നിലെത്തി പോകേണ്ടതാണ്. തൃശൂരില്‍ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മാര്‍വല്‍ ജംഗഷനില്‍ നിന്നും ഇടതുവശം തിരിഞ്ഞ് പോകേണ്ടതാണ്. ചാലക്കുടിയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ മെറീന ആശുപത്രി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മാര്‍വല്‍ ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്. ചാലക്കുടിയില്‍ നിന്നും ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുവരുന്ന വാഹനങ്ങള്‍ മെറീന ആശുപത്രി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണെന്നു പോലീസ് അറിയി ച്ചു.
പിണ്ടി മത്സരത്തില്‍ ഒന്നാമത് കൂനന്‍ യേശുദാസിന്റെ വീട്ടിലെ പിണ്ടി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച പിണ്ടി മത്സരത്തില്‍ 29.2 അടി ഉയരമുള്ള കൂനന്‍ യേശുദാസിന്റെ വീടിനു മുന്നില്‍ ഉയര്‍ത്തിയ പിണ്ടിക്കാണ് ഒന്നാം സ്ഥാനം. മെയിന്‍ റോഡില്‍ ആലപ്പാട്ട് ഫര്‍ണ്ണീച്ചര്‍ ഗാലറി ഉയര്‍ത്തിയ 26.2 അടി ഉയരമുള്ള പിണ്ടിക്കാണ് രണ്ടാം സ്ഥാനം. 25.9 അടി ഉയരമുള്ള ഇവര്‍തന്നെ ഉയര്‍ത്തിയ പിണ്ടിക്കാണ് മൂന്നാം സ്ഥാനം. ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ചന്തക്കുന്ന് ഉയര്‍ത്തിയ 25.7 അടി ഉയരമുള്ള പിണ്ടിക്കാണു നാലാം സ്ഥാനം. മാര്‍ക്കറ്റി് സിഐടിയു യൂണിയന് ഉയര്‍ത്തിയ 25.4 അടി ഉയരമുള്ള പിണ്ടിക്കാണ് അഞ്ചാം സ്ഥാനം.