വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി, 21 നാണ് തിരുനാൾ
ഇരിങ്ങാലക്കുട: വടക്കുംകര (ചാമക്കുന്ന്) സെന്റ് ആന്റണീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചെറപ്പണത്ത് തിരുനാളിന്റെ കൊടിയേറ്റുകർമം നിർവഹിച്ചു.
അമ്പ് തിരുനാൾ ദിനമായ നാളെ രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തിരുസ്വരൂപങ്ങൾ കൂട്ടിൽ നിന്നിറക്കൽ, പ്രസുദേന്തിവാഴ്ച എന്നിവയ്ക്ക് ഫാ. ബാബു പോൾ കാളത്തുപറമ്പിൽ സിഎംഐ കാർമികത്വം വഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9.30 ന് അമ്പ് പ്രദക്ഷിണം സമാപിക്കും. തിരുനാൾ ദിനമായ 21ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസഫ് കിഴക്കുംതല കാർമികത്വം വഹിക്കും.
റവ.ഡോ. ലിന്റോ കുറ്റിക്കാടൻ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടർന്ന് വർണമഴ. 22ന് രാവിലെ 6.30ന് മരിച്ചവർക്കുവേണ്ടിയുള്ള ദിവ്യബലി. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിൻ വിതയത്തിൽ, കൈക്കാരൻമാരായ ബെൽജൻ കാനംകുടം, പോൾസണ്‍ പൊട്ടത്തുപറമ്പിൽ, കണ്‍വീനർ ജേക്കബ് പൊട്ടത്തുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.