ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലര്‍വാടികള്‍ മാത്രം; സ്നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റും സര്‍ക്കാര്‍ ശുചിത്വ മിഷനും സംയുക്തമായി കേരള സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ് പരിപാടിയായ സ്നേഹാരാമത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വുമണ്‍സ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിന്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, മനോഹരമായ പൂന്തോട്ടം നിര്‍മിച്ചു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വൊളന്റിയര്‍മാരുടെ പരിശ്രമഫലമായി ഇരുപതോളം ഫല വൃക്ഷത്തൈകളും പൂച്ചെടികളും ആയുര്‍വേദ ചെടികളും അടങ്ങുന്ന സുന്ദരമായ ഒരു ഉദ്യാനം നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷനായ ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത് നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. പൊതു ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍മാരായ സി.വി. പ്രവീണ്‍, ബി. പ്രസീജ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെല്‍ത്ത് ഇന്ഡസ്പെക്ടര് ഇന്‍ചാര്‍ജ് കെ.ജി. അനില്‍, എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍മാരായ വി.പി. ഷിന്റോ, എസ്.ആര്. ജിന്‍സി, വുമണ്‍സ് ഹോസ്റ്റല്‍ വാര്ഡന് സിസ്റ്റര്‍ ഡില്ല, എന്‍എസ്എസ് വൊളന്റിയര്‍ സൂര്യദത്ത് എന്നിവര്‍ സംസാരിച്ചു.