മുഖച്ഛായ മാറ്റാന്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്
ഇരിങ്ങാലക്കുട: നഗരസഭ പുനര്‍നിര്‍മിക്കുന്ന ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിനുള്ള വിശദപദ്ധതിരേഖ (ഡിപിആര്‍) തയ്യാറായി. ഉന്നതതലസമിതിയില്‍ അവതരിപ്പിച്ചവയില്നിന്ന് എര്‍ത്ത് സ്കേപ്പ് ആര്‍ക്കിടെക്ട്സിന്റെ പദ്ധതി തെരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ നാല് ശതമാനം പലിശയ്ക്ക് ഇരിങ്ങാലക്കുട നഗരസഭയ്ക്ക് വായ്പയായി നല്കുന്ന 15 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നത്. 46,860 സ്ക്വയര്‍ ഫീറ്റ് ഏരിയയും 31,140 സ്ക്വയര്‍ ഫീറ്റ് പാര്‍ക്കിംഗ് ഏരിയയുമുള്ള അത്യാധുനിക ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിന്റെ മുഖച്ഛായ മാറ്റും. വിശാലമായ വാണിജ്യകേന്ദ്രം, ഓഫീസ് ഏരിയകള്‍, കോണ്‍ഫറന്‍സ് ഹാള്‍, താമസസൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, ഫുഡ് മാള്‍ എന്നിവ നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിലുണ്ട്. അംഗപരിമിതര്‍ക്കും പൂര്‍ണമായും ഉപയോഗിക്കാവുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. നഗരസഭയില്‍ ഡിപിആര്‍ സമര്‍പ്പിച്ച നാല് ഏജന്‍സികള്‍ കൗണ്‍സിലിന് മുന്‍പാകെ അവതരണം നടത്തിയതില്‍ മികച്ചതെന്ന് കണ്ടെത്തിയതാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ രൂപരേഖയില്‍ അന്തിമതീരുമാനമെടുക്കും മുന്‍പ് വ്യാപാരിവ്യവസായികളുടെ അഭിപ്രായംകൂടി കേള്‍ക്കണമെന്ന് ആവശ്യമുയര്ന്നീട്ടുണ്ട്.