100 ദിനം 100 പരിപാടി അഭിമാനകരമായ മാതൃക: വി.എസ്. പ്രിന്‍സ്
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വികസനയാത്രക്കുള്ള നുറു ദിനം നൂറു പരിപാടി എന്നത് അഭിമാനകരവും പിന്തുടരാവുന്നതുമായ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടി 74 ദിനം പിന്നിടുമ്പോള്‍ 99-ാമത്തെ പരിപാടിയായി 15-ാം വാര്‍ഡ് ആനുരുളി നാലു സെന്റ് കോളനി മിനി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് 25 ല്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, പഞ്ചായത്തംഗങ്ങളായ നിഖിതാ അനൂപ്, മണി സജയന്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം. രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യസമിതി ചെയര്മാന് കെ.പി. പ്രശാന്ത് സ്വാഗതവും, സെക്രട്ടറി പി.ബി. ജോഷി നന്ദിയും പറഞ്ഞു.