കാരുണ്യത്തിന്റെ പൂത്തുമ്പികളായി കേശദാനം നടത്തിയത് 65 പേര്
പുല്ലൂര്‍: അര്ബുദബാധിതര്ക്കു വിഗ് നിര്‍മിക്കാനുള്ള മുടി ശേഖരിക്കാന്‍ പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേശദാനം സംഘടിപ്പിച്ചു. അമല മെഡിക്കല്‍ കോളജുമായി സഹകരിച്ചായാരുന്നു പരിപാടി. 65 പേര് മുപ്പതു സെന്റീമീറ്റര്‍ വീതം മുടിമുറിച്ച് സഹജീവി സ്നേഹത്തിന്റെ കൂട്ടായ്മയില്‍ പങ്കാളികളായി. ആശുപത്രി ജീവനക്കാരില്‍ ഒരാളുടെ കുടുംബത്തിലെ മൂന്നുപേരും മുടി ദാനം ചെയ്തു. രണ്ടു പുരുഷദാതാക്കളും നാലാം ക്ലാസുകാരന് വെറ്റിലപ്പാറ സ്വദേശി ദേവനാരായണനും മുടി ദാനംചെയ്തത് വേറിട്ട കാഴ്ചയായി.
അമല മെഡിക്കല്‍ കോളജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടൻമാണി സിഎംഐ കേശദാനത്തെക്കുറിച്ച് ക്ലാസ് നടത്തി. ആശുപത്രിയിലെ ജീവനക്കാര്‍ക്കും സ്കൂള്‍, കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ക്കും പുറമേ ഇരിങ്ങാലക്കുടയിലെ സ്കൂളുകള്‍, കോളജുകള്‍, ഇടവകള്‍, റസിഡൻസ് അസോസിയേഷനുകൾ, ആശുപത്രിയുടെ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ കേശദാനത്തില്‍ പങ്കാളികളായി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ആന്‍ജോ ജോസ്, എന്‍എബിഎച്ച് കോര്‍ഡിനേറ്റര്‍ ജിന്‍സി, ജെനി, സോഷ്യല്‍ വര്‍ക്കര്‍ അഖില ജെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്കി.