വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുത്- പി.എസ്. ശ്രീധരന് പിള്ള
ഇരിങ്ങാലക്കുട: ഇന്ത്യയിലെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. 5000ത്തില്‍പ്പരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോണ്സണ് കോലങ്കണ്ണിയെ ആദരിക്കുന്നതിനായി ഇരിങ്ങാലക്കുട സേവാഭാരതിയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡിയും ചേര്‍ന്ന് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന് പിള്ള. നമ്മുടെ ഭാഷയിലും വേഷവിതാനത്തിലും മതങ്ങളിലുള്ള വിശ്വാസത്തിലുമെല്ലാം വ്യത്യാസമുണ്ടാകാം. എന്നാല്‍ അതൊന്നും വൈരുധ്യങ്ങളാകരുത്. അതാണ് നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനപരമായ തത്ത്വമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, നിവേദിത വിദ്യാനികേതന്‍ ചെയര്മാന് വിബിന് പാറമേക്കാടന്‍, ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍, പി.കെ. ഉണ്ണികൃഷ്ണന്, ഡോണ്‍ ബോസ്കോ സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ലിബിന് രാജ് എന്നിവര്‍ പ്രസംഗിച്ചു.