അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം
ഇരിങ്ങാലക്കുട: സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന ഐ.ജി. മിനിയുടെ ഡിവോഴ്സ്, വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിന്റെ രാഷ്ട്രീയം പറയുന്ന ശ്രുതി, ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്നീ ചിത്രങ്ങളാണ് വനിതാദിനത്തോടനുബന്ധിച്ച് മാസ് മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനാനന്തരം ഡിവോഴ്സിന്റെ സംവിധായിക ഐ.ജി. മിനിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ചടങ്ങില്‍ പങ്കെടുത്തു. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രമ്യ സര്‍വദ ദാസ്, ചിത്രത്തിലെ അഭിനേതാക്കളായ രജിത് കുമാര്‍, സനാജികുമാര് എന്നിവരെ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ആദരിച്ചു. ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ രാവിലെ 10 ന് നളിനകാന്തി, 12 ന് അദൃശ്യജാലകങ്ങള്‍, വൈകീട്ട് 6 ന് ഓര്‍മ്മ ഹാളില്‍ ഹിന്ദി ചിത്രമായ ത്രീ ഓഫ് അസ് എന്നിവ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് മാസ് മൂവീസില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിക്കും.