തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ക്കാകെ മാതൃകയാകാന്‍ ആളൂര്‍ മോഡല്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം-മന്ത്രി ഡോ. ആര് ബിന്ദു
ഇരിങ്ങാലക്കുട: ഇന്ത്യയിലെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. ലോകാരോഗ്യ സംഘടന ആവിഷ്കരിച്ച പഠന പരിപാടിയായ ട്രെയിനിംഗ് ഇന്‍ അസിസ്റ്റീവ് പ്രോഡക്റ്റ്സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സഹായക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കള്‍, ഗ്രാമതല ആരോഗ്യ പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍ എന്നിവരെ പരിശീലിപ്പിക്കുന്നതിനായി നിപ്മറും, ഡബ്ലിയുഎച്ച്ഒയും ആളൂര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്.
ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള ടാപ് പാഠാവലി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് നിപ്മറാണ്. ഡബ്ല്യുഎച്ച്ഒ ആളൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ഭിന്നശേഷി സഹായക ഉപകരണ പരിശീലന പദ്ധതി തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ക്കാകെ മാതൃകയാകുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. ആളൂരില്‍ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ഇക്കാര്യം പങ്കുവച്ചത്.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളായ ഡോ. താഷി ടോബ്ഗേ, ഡോ. അഷീല്‍ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശീലന പരിപാടിയുടെ പാഠാവലി മലയാളത്തില്‍ തയാറാക്കുന്നതിന്റെ ചുമതല നിപ്മറിലേക്ക് എത്തിയതോടെയാണ് ആളൂര്‍ പഞ്ചായത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതിക്കായി ലോകാരോഗ്യ സംഘടന 45.6ലക്ഷം രൂപയും ആളൂര്‍ പഞ്ചായത്ത് പത്തു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് പാഠാവലിക്കായി ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
70 വയസു വരെ ആയുര്‍ദൈര്‍ഘ്യമുള്ള ഒരു സമൂഹത്തില്‍ ശരാശരി എട്ടു വര്‍ഷമെങ്കിലും സഹായക ഉപകരണങ്ങളുടെ സഹായം തേടേണ്ടി വരും. ഈ സാഹചര്യത്തില്‍ ടാപ് പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ പറഞ്ഞു. ലോകത്ത് 2.5 ശതകോടി ജനങ്ങള്‍ക്കാണ് വിവിധ സഹായക ഉപകരണങ്ങള്‍ ആവശ്യമുള്ളതായി ലോകാരോഗ്യ സംഘടയുടെയും യൂനിസെഫിന്റെും പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2050ല്‍ 3.5 ശതകോടി ആളുകള്‍ക്ക് ഇത് ആവശ്യമായി വരുമെന്നും പഠനം വ്യക്തമാക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എം വോക്ക് തൊഴില്‍ പരിശീലനാര്ത്ഥികള്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ, ഇന്സ്റ്റിറ്റിയൂഷണ് എത്തിക്സ് കമ്മിറ്റി ചെയര്മാന് ഡോ. വി രാമന് കുട്ടി, നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. ബി മുഹമ്മദ് അഷീല്‍, ടെക്നിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അമീല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി ശ്രീദേവി, അക്കാദമിക്സ് ആന്റ് ടെക്നിക്കല്‍ ഡയറക്ടര്‍ റിതു ഘോഷ്, ആളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മേരി ഐസക്, കൊച്ചുത്രേസ്യ ദേവസി, ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇവാസ് കാതറിന്, നിപ്മര്‍ സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി സി.എസ് ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു