കെട്ടിത്തരുമോ പാലം? പാലം കെട്ടാത്തത് കര്‍ഷകരെ വലയ്ക്കുന്നു
കരുവന്നൂര്‍: തകര്‍ന്നുവീണ താല്കാലിക പാലം പുനഃസ്ഥാപിക്കാന്‍ വൈകുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. കരുവന്നൂര്പുഴയില്നിന്ന് പുത്തന്തോട്ടിലേക്കുവരുന്ന താമരവളയം കനാലിന് കുറുകെ വര്‍ഷംതോറും കെട്ടാറുള്ള കിഴക്കേ പുഞ്ചപ്പാടം പാലമാണ് പുനര്‍നിര്‍മിക്കാന്‍ വൈകുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് 2022ലാണ് പാലം അവസാനമായി കെട്ടിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2023 ജൂലായിലുണ്ടായ മഴയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുളകൊണ്ട് നിര്‍മിച്ചിരുന്ന പാലം തകര്‍ന്നുപോകുകയായിരുന്നു. ഇതോടെ വളവും മറ്റ് കൃഷി ഉപകരണങ്ങളും ഇരുഭാഗത്തേക്കും കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
വഞ്ചിയോ, മറ്റേതെങ്കിലും ഇടവഴികള്‍ താണ്ടിയോ വളഞ്ഞുചുറ്റിവേണം സാധനങ്ങളെത്തിക്കാന്‍. വര്‍ഷങ്ങളായി തനത് ഫണ്ടുപയോഗിച്ച് നഗരസഭ തന്നെയാണ് പാലം നിര്‍മിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എല്ലാവര്‍ഷവും മഴ കഴിയുമ്പോള്‍ കെട്ടുന്ന പാലം അടുത്തവര്‍ഷം മഴ കഴിയുന്നതുവരെ നില്‍ക്കാറുണ്ട്. എന്നാല്‍ പാലം തകര്‍ന്നുവീണതിനുശേഷം അധികാരികള്‍ ഇതുവരെ പുനര്‍നിര്‍മിക്കാന്‍ തയാറായിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
കര്‍ഷകരുടെയും കൗണ്‍സിലറുടെയും ആവശ്യപ്രകാരം പൊറത്തിശേരി കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പാലം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ പാലം നിര്‍മിക്കാന്‍ നടപടിയായിട്ടില്ല. വര്‍ഷംതോറുമുള്ള താല്കാലിക സംവിധാനം മാറ്റി സ്ഥിരംപാലം നിര്‍മിക്കാന്‍ നഗരസഭ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ ആസ്തിവികസനരേഖയില് ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് പാലം നിര്‍മിക്കാന്‍ പ്രധാനതടസമായി ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് കൗണ്‍സിലര്‍ അല്‍ഫോണ്‍സാ തോമസ് പറഞ്ഞു.
മുമ്പ് താത്കാലിക പാലം നിര്‍മിച്ചിരുന്നെങ്കിലും ഇറിഗേഷന്റെ കീഴിലുള്ള തോടിനുമുകളില്‍ നഗരസഭ പാലം നിര്‍മിക്കുന്നത് ക്രമവിരുദ്ധമാണെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ നഗരസഭാസെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടിയെടുക്കുമെന്നും അല്‍ഫോണ്‍സാ തോമസ് പറഞ്ഞു.