ഈസ്റ്റര്‍ സന്ദേശം: സഹനങ്ങളിലൂടെ കൈവരുന്ന സമാധാനം -മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ദൈവപുത്രനായ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സമസ്ത ജനങ്ങള്‍ക്കും നല്‍കുന്നത്. കുരിശുമരണം കഴിഞ്ഞു മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യമായി ആശംസിച്ചത് നിങ്ങള്‍ക്ക് സമാധാനം എന്നായിരുന്നു. അവരെ തന്റെ കരങ്ങളിലെയും പാദങ്ങളിലെയും ഹൃദയത്തിലെയും മുറിവുകള്‍ കാണിച്ചുകൊടുത്തപ്പോള്‍ അവിടുന്നു വലിയൊരു സന്ദേശമാണ് ലോകത്തിനു പകര്‍ന്നു നല്‍കിയത്.
പീഡനങ്ങളെയും സഹനങ്ങളെയും അതിജീവിച്ചു വിജയത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും മുന്നേറുകയെന്ന സന്ദേശം. ജീവിതത്തിലെ ഒറ്റയടി പാതയിലൂടെ നടന്നുനീങ്ങുന്നവര്ക്കു മുന്നില്‍ കാല്വരികള്ക്കും കുരിശുമരണങ്ങള്‍ക്കും അപ്പുറം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുലരികളുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും അസ്വസ്ഥതകളും വിള്ളലുകളും സര്‍വ്വസാധാരണമായി മാറിയിരിക്കുന്ന ഇക്കാലത്ത് ശാശ്വതമായ സമാധാനത്തിലേക്കുള്ള പാത സഹനങ്ങളുടെയും വിട്ടുവീഴ്ചകളുടെയും അനുരഞ്ജനത്തിന്റേതുമാണെന്ന് ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കുരിശില്‍ കയറാതെ ഉത്ഥാനമില്ലെന്ന ജീവിത പാഠമാണിത്. ക്രിസ്തുവിന്റെ പീഡാസഹനങ്ങളും കുരിശു മരണവും ഉത്ഥാനവും നല്കുന്ന സര്‍വകാലാതീതമായ ഈ സന്ദേശം ഒരിക്കല്‍ കൂടി നമുക്ക് ഓര്‍മ്മിച്ചെടുക്കാം. ഉയിര്‍പ്പുതിരുനാളിന്റെ ആശംസകള്‍ എല്ലാവര്ക്കും നേരുന്നു.