കൂടല്‍മാണിക്യം കിഴക്കേ ഗോപുരം നവീകരണം: എന്‍.പി.പി. നമ്പൂതിരിപ്പാടിനു ധാരണാപത്രം കൈമാറി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ നവീകരണത്തിനുള്ള ധാരണാപത്രം കൈമാറി. ഗോപുരം നവീകരിച്ചു സമര്‍പ്പണം നടത്തുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍ ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി.പി. നമ്പൂതിരിപ്പാടിനു ധാരണാപത്രം കൈമാറി. ശുദ്ധിദ്രവ്യകലശവും ഗോപുരം പുതുക്കിപണിയുന്നതിനുള്ള അനുവാദം ചോദിക്കലും നടന്നു. ഗോപുരത്തിന്റെ അറ്റകുറ്റപ്പണികളാണു ഇപ്പോള്‍ ചെയ്യുന്നത്. ഇതിനായി എട്ടു ക്വട്ടേഷന്‍ ലഭിച്ചിട്ടുണ്ടെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. 40 മുതല്‍ 50 ലക്ഷം വരെയാണു ചെലവ്. ഗോപുരത്തിന്റെ ഓടുകളും കേടുവന്ന ഉത്തരങ്ങളും കഴുക്കോലുകളും മാറ്റി തേക്കിന്റെ പുതിയവ സ്ഥാപിക്കും. ചുമരുകളുടെ തകര്‍ന്നുപോയ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കും. ഈ മാസം അവസാനത്തോടെ നവീകരണം ആരംഭിക്കുമെന്നും ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നും ചെയര്മാന് വ്യക്തമാക്കി. കിഴക്കേ നടപ്പുരയില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, കെ.കെ. പ്രേമരാജന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ, തന്ത്രി അണിമംഗലം സുബ്രഹ്മണ്യന് നമ്പൂതിരി, മേല്‍ശാന്തി അനന്തന് നമ്പൂതിരി, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി തന്ത്രി പ്രതിനിധി കൂടിയായ എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാടിനു സ്വീകരണം നല്കി.