ലൈഫ് മിഷന് കാറളം ഭവന സമുച്ചയ നിര്‍മാണത്തിന് തുടക്കമിട്ടു
യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു, സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമെന്ന് പട്ടികജാതി മോര്‍ച്ച
കാറളം: ലൈഫ് മിഷന് പദ്ധതി തടസപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നു മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ലൈഫ് മിഷന് ഭവനപദ്ധതിയിലൂടെ കാറളം വെള്ളാനിയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി ഓരോ ഭവനസമുച്ചയങ്ങള്‍ പണിയാന്‍ തീരുമാനിച്ചതായും പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് നല്കിയ ഒരേക്കര്‍ സ്ഥലത്ത് കെയര്‍ ഹോം പദ്ധതി നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, വൈസ് പ്രസിഡന്റ് സുനിത മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. വെള്ളാനിയില്‍ 84 സെന്റ് സ്ഥലത്ത് രണ്ടു ബ്ലോക്കുകളിലായി 72 വാസഗൃഹ യൂണിറ്റുകളാണു 9.20 കോടി ചെലവഴിച്ചു നിര്‍മിക്കുന്നത്. രണ്ടു കിടപ്പു മുറികള്‍, ഹാള്‍ അടുക്കള, ബാല്‍ക്കണി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നതാണു ഓരോ യൂണിറ്റും. വയോജന പരിപാലന കേന്ദ്രം, കോമണ്‍ റീം, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവ പൊതുവായും ഉണ്ടാകും. അഹമദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാര്‍.
യുഡിഎഫ് പ്രതിഷേധ ബഹിഷ്കരണം
കാറളം: പഞ്ചായത്തിലെ വെള്ളാനിയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ലൈഫ് മിഷന് ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംപി ടി.എന്‍. പ്രതാപനു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
കെട്ടിടം നിര്‍മിക്കുന്നത് പട്ടികവിഭാഗങ്ങള്‍ക്കുള്ള ഭൂമിയിലെന്ന് പട്ടികമോര്‍ച്ച
ഇരിങ്ങാലക്കുട: കാറളം വെള്ളാനിയില്‍ പട്ടികവിഭാഗങ്ങള്‍ക്കുള്ള ഭൂമിയില്‍ ലൈഫ് മിഷന് ജനറല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നു പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആരോപിച്ചു. കാറളം ഗ്രാമപഞ്ചായത്ത് 13ാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭൂരഹിത ഭവനരഹിതര്‍ക്കുവേണ്ടി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 84 സെന്റ് ഭൂമിയിലാണു ജനറല്‍ വിഭാഗത്തിനുവേണ്ടിയുള്ള ഭവനനിര്‍മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 201722 ലെ ഗ്രാമപഞ്ചായത്ത് വികസനരേഖയില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. പട്ടികജാതി വികസന ഫണ്ട് വകമാറ്റുന്നതു കുറ്റമാണെന്നിരിക്കെ തദ്ദേശഭരണവകുപ്പുമന്ത്രിക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന് തയാറാകണമെന്നു ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.