കരുവന്നൂര്‍ ബാങ്ക്: തട്ടിപ്പ് സഹകരണവകുപ്പ് കണ്ടെത്തിയിട്ടും വന്‍ ക്രമക്കേട് നടന്നു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തിക്കഴിഞ്ഞും വന്‍തോതിലുള്ള ക്രമക്കേട് നടന്നു. 2018-ല്‍ തട്ടിപ്പ് കണ്ടെത്തി നടപടിക്ക് നിര്‍ദേശിച്ചശേഷവും 2022 വരെ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. ഏറ്റവും അവസാനമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018 മുതല്‍ 2021 വരെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാതെ ക്രമക്കേട് നടത്തി. ഇന്‍പുട്ട് ടാക്സ് ക്ലെയിം ചെയ്യാതെ 89.97 ലക്ഷമാണ് തിരിമറി. 2025-ല്‍ കാലാവധിയെത്തുന്ന 25 ചിട്ടികള്‍ നറുക്കോ ലേലമോ ഇല്ലാതെ പണം 2020 ജൂലായില്‍ നല്കി. കുടിശികനിവാരണപദ്ധതിയില് വായ്പകള്‍ക്ക് പലിശ ആനുകൂല്യം നല്‍കിയെങ്കിലും വായ്പക്കണക്ക് അവസാനിപ്പിച്ചില്ല. 2017-ല്‍ 15 ശതമാനമായിരുന്ന വായ്പക്കുടിശിക 2022-ല്‍ 71.55 ശതമാനമായി. നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും ഏറെ പിന്നാക്കം പോയെങ്കിലും ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ മാറ്റാതെ ജീവനക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങളും ശമ്പളവും വാങ്ങി. പത്ത് വായ്പകള്‍ക്ക് സഹകരണവകുപ്പിന്റെയോ ഭരണസമിതിയുടെയോ അനുമതിയില്ലാതെ 32.78 കോടി ഫോര്‍ഫീറ്റഡ് ഇന്ററസ്റ്റ് എന്നയിനത്തില്‍ മാറ്റി. 2021 മാര്‍ച്ച് 26-ന് 32 ലക്ഷം പലിശയിളവ് ചെയ്ത വായ്പകള്‍ക്ക് പലിശയിളവ് നല്കാന് തീരുമാനിച്ച രേഖയുള്ളത് 2021 ഏപ്രില്‍ എട്ടിനാണ്. ഭരണസമിതിയുടെ തീരുമാനമില്ലാതെ 25 ലക്ഷത്തിനു മുകളിലുള്ള 10 വായ്പകള്‍ 2021 മാര്‍ച്ച് 26-ന് മറ്റൊരു ബാങ്കിലേക്ക് മാറ്റി. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ശമ്പളം മുടങ്ങിയെങ്കിലും ക്ലാസിഫിക്കേഷന്‍ മാറ്റാത്തതിനാല്‍ ശമ്പളക്കുടിശികയിനത്തില് ഇനിയും 1.15 കോടി നല്‍കാനുണ്ട്. 2018-നെ അപേക്ഷിച്ച് 2022-ല്‍ എ ക്ലാസില്‍നിന്ന് സി ക്ലാസിലേക്കാണ് ക്ലാസിഫിക്കേഷന്‍ കൂപ്പുകുത്തിയത്. 2018-ല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കണ്ടെത്തി തുടരന്വേഷണത്തിനും നടപടിക്കും സഹകരണവകുപ്പ് നിര്‍ദേശിച്ചതാണ്. അത് ഇഴഞ്ഞുനീങ്ങി. കോടികളുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നു കാണിച്ച് 2018-ല്‍ ഭരണസമിതിയംഗങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. ഇതുപ്രകാരം അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ 2019 ഡിസംബര്‍ 24-ന് നിയമിച്ചെങ്കിലും റിപ്പോര്‍ട്ട് നല്‍കിയത് 2021 മേയ്മാസത്തിലാണ്. അതുവരെ ക്രമക്കേട് തുടരന്നുകൊണ്ടേയിരുന്നു.