യാത്രക്കാര്‍ കുറഞ്ഞിട്ട് ഹോട്ടല്‍ തുടങ്ങി, കട പൂട്ടിയിട്ട് നാലു വര്‍ഷം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ ഹോട്ടല്‍ അടച്ചത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് ആക്ഷേപം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ഒന്നര വര്‍ഷം മാത്രം. ഈ ഹോട്ടല്‍ അടച്ചിട്ട് നാലുവര്‍ഷം പിന്നിട്ടു. സ്റ്റേഷന്റെ ഗ്രേഡ് അനുസരിച്ച് അനുവദിച്ച ഹോട്ടലാണ് വരുമാനമില്ലെന്ന കാരണം പറഞ്ഞ് റെയില്‍വേ അടച്ചത്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പൊളിക്കാനിട്ടിരുന്ന കെട്ടിടം ചായം പൂശി മോടി പിടിപ്പിച്ചാണ് പുതിയ ഹോട്ടല്‍ ആരംഭിച്ചത്. ഇവിടെ മറ്റൊരു ടീ ഷോപ്പ് കൂടിയുണ്ട്. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന 2-ാം നമ്പര്‍ പ്ലാറ്റ്ഫോമിലോ കല്ലേറ്റുംകര അങ്ങാടിയിലേക്കു തിരിയുന്ന റോഡിനു സമീപം പഴയ റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നോ ഹോട്ടല്‍ ആരംഭിച്ചിരുന്നെങ്കില്‍ ഈ ഗതികേട് സംഭവിക്കില്ലായിരുന്നു. എറണാകുളം ഭാഗത്തേക്കാണ് യാത്രക്കാര്‍ കൂടുതലുള്ളത്. അതിനാലാണ് കൂടുതല്‍ യാത്രക്കാര്‍ കയറി ഇറങ്ങുന്ന പ്ലാറ്റ്ഫോമില്‍ ഹോട്ടല്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. യാത്രക്കാരുടെ ആവശ്യം അവഗണിച്ചാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പഴയ കെട്ടിടത്തില്‍ ഹോട്ടല്‍ ആരംഭിച്ചത്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ എല്ലാ റേയില്‍വെ സ്റ്റേഷനുകളിലും ഇടതുവശത്താണ് ഹോട്ടലുകള്‍. എന്നാല്‍ ഇവിടെ മാത്രം വലതു വശത്ത് ഹോട്ടല്‍ ആരംഭിച്ചു. ഇരിങ്ങാലക്കുടയോടപ്പം അനുവദിച്ച ചാലക്കുടിയിലും അങ്കമാലിയിലും ഇടതുവശത്താണ് ആരംഭിച്ചത്.
ഹോട്ടല്‍ അടക്കുവാന്‍ കാരണം വരുമാനകുറവ്
വരുമാനകുറവാണ് ഹോട്ടല്‍ അടക്കുവാന്‍ കാരണമായത്. ദിവസേന 400 രൂപ ലേലത്തിനാണ് നടത്തിപ്പുക്കാരന് ഹോട്ടല്‍ കരാറെടുത്തത്. എന്നാല്‍ ജീവനക്കാരുടെയും കറന്റു ചാര്‍ജും നല്കുവാന് പോലും തുക ഇവിടെ നിന്നും ലഭിക്കാറില്ലായിരുന്നു. 2-ാം നമ്പര്‍ പ്ലാറ്റഫോമില്‍ ഒരു ടീഷോപ്പും പോലും ഇപ്പോഴില്ല. നിലവില്‍ 2-ാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തുന്ന യാത്രക്കാരന് ഒരു കുപ്പി വെള്ളം വരെ ലഭിക്കണമെങ്കില്‍ മേല്‍പ്പാലത്തിലൂടെ കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തണം. റെയില്‍വേയ്ക്ക് വലിയ വരുമാനം നല്കുന്ന ഇരിങ്ങാലക്കുടയെ കാലങ്ങളായി അവഗണിക്കുകയാണെന്നും ജനപ്രതിനിധികളുടെ ശ്രദ്ധ ഇവിടെ പതിയാറില്ലെന്നും ആക്ഷേപമുണ്ട്.