വെസ്റ്റ് നൈല്‍ പനി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
കോണത്തുക്കുന്ന്: വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ അടിയന്തിര അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഡോ. നിര്‍മ്മലിന്റെ നേതൃത്വത്തിലുള്ള ജില്ലാ മെഡിക്കല്‍ സംഘം പ്രദേശത്ത് എത്തി പരിശേധനകള്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നേതൃത്വത്തില്‍ കൊതുകു നിവാരണവും ഉറവിടനശീകരണവും നടത്തുന്നതിന്റെ ഭാഗമായി ഫോഗിംഗ് നടത്തി. 72 വയസുള്ള സ്ത്രീക്കാണ് കഴിഞ്ഞ മാസം 26ന് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തിലെ താമസക്കാരിയായ ഇവര്‍ ഏതാനും മാസങ്ങളായി വെള്ളങ്ങല്ലൂരിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാസം 11 ന് പനി ആരംഭിച്ച ഇവര്‍ വെള്ളങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
പനി കുറഞ്ഞതിത്തുടര്ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു തിരിച്ചു പോന്നു. എന്നാല്‍, ലക്ഷണങ്ങള്‍ കണ്ട് സംശയം തോന്നിയ ആശുപത്രിയധികൃതര്‍ തുടര്പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിരുന്നു. ഏപ്രില്‍ 26 നാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചത്. പ്രദേശത്ത് പനിയുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒരാളുടെ ഫലം വന്നത് നെഗറ്റീവ് ആണെന്നത് ആശ്വാസം നല്കുന്നു. പനിമാറി വീട്ടിലെത്തിയ സ്ത്രീയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രോഗസ്ഥിരീകരണത്തെത്തുടര്ന്ന് വെള്ളങ്ങല്ലൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് ലഘുലേഖകള്‍ വിതരണം എന്നിവ നടത്തും. കുപ്പികളിലും ചിരട്ടകളിലും കെട്ടികിടക്കുന്ന വെള്ളം നശിപ്പിക്കും. ജലനിധി വഴി രണ്ടാഴ്ച കൂടുമ്പോള്‍ വരുന്ന വെള്ളം വീട്ടുക്കാര് ഉപയോഗത്തിന് സുരക്ഷിതമല്ലാതെ സൂക്ഷിച്ചു വക്കുന്നതും കൊതുകുകള്‍ പെരുകുവാന്‍ ഇടയാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പഞ്ചായത്തില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഴക്കാലത്ത് പിടിപ്പെടുന്ന കൊതുകു ജന്യരോഗങ്ങള്‍ മഴവരുന്നതിനു മുമ്പേ പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നോ വാക്സിനോ ഭ്യമല്ലാത്തതിനാല് രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകടി ഏല്‍ക്കാതിരിക്കുകയാണ് നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധം വസ്ത്രം ധരിക്കുക, കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനം പുരട്ടുക തുടങ്ങിയവയാണ് മറ്റ് മാര്‍ഗങ്ങള്‍.