ചൂട് ചതിച്ചു, ക്ഷീര കര്‍ഷകര്‍ക്കും വേണ്ട; കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കെട്ടിക്കിടന്നിരുന്ന വൈക്കോല്‍ കത്തിച്ച് കര്‍ഷകര്‍
മുരിയാട്: കൊയ്ത്തുകഴിഞ്ഞിട്ടും വൈക്കോല്‍ ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ കര്‍ഷകര്‍ അത് കത്തിക്കുന്നു. നെല്ലിനൊപ്പം വൈക്കോലും വിറ്റിരുന്നതാണ്. ഇത്തവണ വൈക്കോലിന് ആളില്ലാത്തതാണ് തിരിച്ചടിയായത്. ആദ്യകാലത്ത് വൈക്കോല്‍ വിറ്റാല്‍ കൊയ്ത്തുചെലവ് അതില്‍നിന്ന് ലഭിക്കുമായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് നെല്ലിന്റെ പണം ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് വൈക്കോലിനുള്ള മികച്ചവില ഉടനെ കിട്ടുന്നത് വലിയ ആശ്വാസമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ വൈക്കോലിനായി പാടശേഖരങ്ങളിലേക്ക് ധാരാളം ആവശ്യക്കാരും എത്തിയിരുന്നു. എന്നാല്‍ കാലംതെറ്റി വരുന്ന മഴയും വൈക്കോലിന് വില കുറഞ്ഞതും കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. ഇത്തവണ കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പല പാടങ്ങളിലും വൈക്കോല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. തൃശൂര്‍ ജില്ലയില്‍ മുരിയാട് കോള്‍മേഖലയില്‍ യൂണിയന് കോള്‍പ്പടവ്, ഹരിജന്‍ പടവ്, കല്ലേരിക്കടവ്, ഗ്രാമശ്രീ, തെക്കേ കോള്‍പ്പടവ് എന്നിങ്ങനെ പല പാടശേഖരങ്ങളിലും കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചുകഴിഞ്ഞു.
മഴ പെയ്തുതുടങ്ങിയാല്‍ വൈക്കോല്‍ ചീഞ്ഞ് കിണറുകള്‍ ഉപയോഗശൂന്യമായിപ്പോകുമെന്നുള്ളതുകൊണ്ടാണിത്. ഒരു കെട്ട് വൈക്കോലിന് 25 രൂപയ്ക്ക് നല്‍കാമെന്നു പറഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത അവസ്ഥയാണ്. മുന്‍പ് കൊയ്ത്തുകഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വൈക്കോലിനായി കച്ചവടക്കാരെത്തിയിരുന്നു. ഒരു കെട്ടിന് നൂറു മുതല്‍ നൂറ്റമ്പതുവരെ രൂപ കിട്ടുകയും ചെയ്തിരുന്നു. ഗുജറാത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ചോളപ്പുല്ല്, ചോളത്തണ്ട് എന്നിവയും തീറ്റപ്പുല്ലും മില്‍മ സൊസൈറ്റി വഴി സബ്സിഡിനിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതുമൂലം വൈക്കോല്‍ സംഭരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല.
മഴയില്ലാത്തതിനാല്‍ എല്ലായിടത്തും നല്ല രീതിയില്‍ കൊയ്ത്ത് നടന്നുവരുന്നതിനാല്‍ ആവശ്യത്തിലധികം വൈക്കോലുണ്ടെന്ന് വില്‍പ്പനക്കാര്‍ പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് യന്ത്രം ഉപയോഗിച്ച് വൈക്കോല്‍ കെട്ടുകളാക്കുന്നതിനു കെട്ടൊന്നിനു 30 രൂപ നല്‍കണം. ഇതിനു പുറമേ കയറ്റിറക്കുകൂലി, വാഹന വാടക എന്നിയിനത്തില്‍ ചെലവുകള്‍ വേറെയും വരും. ഭാരിച്ച ചെലവുകള്‍ സഹിച്ചു വൈക്കോല്‍ കെട്ടുകള്‍ വീടുകളില്‍ ശേഖരിച്ച കര്‍ഷകരാണ് ഏറെ ദുരിതത്തിായത്. ഇപ്പോള്‍ 70 മുതല്‍ 80 വരെ വരെയാണ് ഒരു കെട്ട് വൈക്കോല്‍ വിറ്റാല്‍ കിട്ടുന്നത്.
ക്ഷീര കര്‍ഷകര്‍ക്കും വേണ്ട;
വൈക്കോല്‍ യഥേഷ്ടം കൊണ്ടുപോയിരുന്ന കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്നു അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. യന്ത്രത്തില്‍ ചുറ്റിയെടുക്കുന്ന വൈക്കോല്‍ ചില കന്നുകാലികള്‍ കഴിക്കാറില്ലെന്നു ക്ഷീരകര്‍ഷകര്‍ പറയുന്നു. വൈക്കോലിനു ഡീസലിന്റെ മണമുള്ളതിനാലാകുമെന്നാണ് നിഗമനം. വൈക്കോല്‍ എടുക്കാന്‍ ആളില്ലാതായതോടെ കൊയ്ത്തു നടത്തിയ കര്‍ഷകര്‍ വൈക്കോല്‍ കെട്ടുകളാക്കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞിട്ടുണ്ട്. വേനല്‍മഴ പെയ്താല്‍ വൈക്കോല്‍ പാടത്ത് കിടന്ന് ചീഞ്ഞളിഞ്ഞു നശിച്ചു പോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.