വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞു വീണ തെങ്ങിനെ വെട്ടി മാറ്റി കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഒഴിഞ്ഞത് വന്‍ അപകടം
പുല്ലൂര്‍: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞു വീണതിനെ തുടര്ന്നുണ്ടാകാമായിരുന്ന വന്‍ അപകടം കെഎസ്ഇബി സബ് എന്‍ജിനീയറുടെയും സഹപ്രവര്‍ത്തകരുടെയും സമയോചിത ഇടപെടല്‍ മൂലം ഒഴിവായി. മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി 11 നാണു സംഭവം. തുറവന്‍കാട് സെന്ററിന് സമീപമുള്ള പുരയിടത്തിലെ തെങ്ങാണ് വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞു വീണത്. ഇതോടെ വൈദ്യുതി നിലച്ചെങ്കിലും തെങ്ങിന്റെ ഭാരം നിമിത്തം നിരവധി വൈദ്യുതി കാലുകള്‍ മറിഞ്ഞു വീഴാവുന്ന അവസ്ഥയിലായി.
സമീപ വാസികള്‍ ഉടനെ വാര്‍ഡ് അംഗം തോമസ് തൊകലത്തിനെ വിവരം അറിയിച്ചു. വാര്‍ഡ് അംഗം കെഎസ്ഇബി ഓഫിസില്‍ വിവരം അറിയിക്കുകയും നാട്ടുകാരന് കൂടിയായ സബ് എന്‍ജിനീയര്‍ സുധാകരന് കളങ്കോളിയുടെ നേതൃത്വത്തില്‍ ഉദ്യോഗസഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് തെങ്ങില്‍ കയറിയ സബ് എന്‍ജിനീയര്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കമ്പിയിലേക്ക് മറിഞ്ഞ തെങ്ങിനെ വെട്ടുകത്തി ഉപയോഗിച്ച് മുറിച്ചിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജീവനക്കാരായ രഞ്ജിത്ത്. അനില്‍കുമാര്‍ എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളായി. വാര്‍ഡ് അംഗം തോമസ് തൊകലത്തും നിരവധി നാട്ടുകാരും കൂരിരുട്ടിലും സഹായമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.