നിപ്മറില് സ്റ്റേക്ക് ഹോള്ഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ലക്ഷ്യം കേരളത്തെ സഹായക ഉപകരണ നിര്മ്മാണ ഹബ് ആക്കുക
ഇരിങ്ങാലക്കുട: കേരളത്തെ സഹായക ഉപകരണ നിര്മ്മാണ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെ സഹായ സാങ്കേതിക രംഗത്ത് പ്രവര്ത്തിക്കുന്ന വിവിധ സംരഭകരെ ഉള്പ്പെടുത്തി നിപ്മറില് കേരള മെഡിക്കല് ടെക്നോളജി കണ്സോര്ഷ്യം (കെഎംടിസി) സ്റ്റേക്ക് ഹോള്ഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മെഡിക്കല് ടെക്നോളജി, മെഡിക്കല് ഇന്ഡസ്ട്രി, ഗവേഷണ സ്ഥാപനങ്ങള്, ആരോഗ്യ സാങ്കേതിക വിദഗ്ധര്, ആരോഗ്യ പ്രവര്ത്തകര്, ആരോഗ്യ സഹായക ഉപകരണ രംഗത്ത് പ്രവര്ത്തിക്കുന്ന സംരഭകര്, സ്റ്റാര്ട്ട് അപ്പുകള്, ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റികള്, കോളജുകള് എന്നിവയില് നിന്നും തെരഞ്ഞെടുത്തവരാണ് സ്റ്റേക്ക് ഹോള്ഡേഴ്സ് മീറ്റില് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
കെഎംടിസിയുടെയും നിപ്മറിന്റെയും ഉദ്യമം സഹായക സാങ്കേതിക വിദ്യയില് വലിയ വളര്ച്ചയുണ്ടാക്കുമെന്നും സംസ്ഥാന സര്ക്കാര് ഇതിനായി ആവശ്യമായ നടപടികള് കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു. വിവിധ ഏജന്സികളും സംരഭകരും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗവേഷണങ്ങള് നടത്തി സഹായക ഉപകരണങ്ങള് വിജയകരമായി നിര്മ്മിക്കുന്നുമുണ്ട്. എന്നാല് ഇതൊന്നും ഭിന്ന ശേഷിക്കാര്ക്കാകെ ഉപയോഗിക്കാനുള്ള സാഹചര്യമില്ല. ഇതിന് അവസരമൊരുക്കുന്നതിനുള്ള പദ്ധതിയാണ് നിപ്മറിന്റെ സഹകരണത്തോടെ കെഎംടിസി ലക്ഷ്യം വയ്ക്കുന്നതെന്ന് സ്പെഷ്യല് ഓഫീസര് സി. പത്മകുമാര് പറഞ്ഞു. തുടര്ന്ന് വിവിധ സാങ്കേതിക സാധ്യതകളെ സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. മുഹമ്മദ് അഷീല്, നിഷ് എക്സിക്യുട്ടീവ് ഡയറക്ടര് ഡോ. സുജ കുന്നത്ത്, ഫയര് എക്സിക്യുട്ടീവ് ഡയരക്റ്റര് ഡോ. സിന്ധു വിജയകുമാര്, നിഷ് സ്ട്രാറ്റജിക് കണ്സള്ട്ടന്റ് അരവിന്ദ് സുരേഷ് അമ്പലപ്പുഴ, ഗ്ലോബല് ഡിസബിലിറ്റി ഇന്നവേഷന് കണ്സള്ട്ടന്റ് സന്തോഷ് കുമാരസൂര്യര് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു.
സഹായക ഉപകരണങ്ങളുടെ നിര്മ്മാണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില് നടന്ന പാനല് ഡിസ്കഷനില് ഡോ. മുഹമ്മദ് അഷീല്, കെഎസ്ഡി ഡബ്ല്യുസി മുന് എംഡി കെ. മൊയ്തീന് കുട്ടി, സായ് റീഹാബ് എംഡി മഹാദേവന് അയ്യര്, ഗ്ലോറി ഫൈഡ് ഓര്ത്തോ ടെക് എംഡി കെ.എസ്. മുഹമ്മദ് എന്നിവര് പങ്കെടുത്തു. അഞ്ച് സ്റ്റാര്ട്ട് കമ്പനികള് പ്രന്റേഷനുകള് അവതരിപ്പിച്ചു. കേരളം സഹായക ഉപകരണ നിര്മ്മാണത്തിന്റെ ഗ്ലോബല് ഹബ് എന്ന സെഷനില് കെഎംടിസി ജിഎം ജി.ആര്. രജീഷ്, സീനിയര് പ്രോഗ്രാം കണ്സള്ട്ടന്റ് രോഹിത് ഫിലിപ്പ് എന്നിവര് വിഷയാവതരണം നടത്തി. ചടങ്ങില് നിപ്മര് എക്സിക്യുട്ടീവ് ഡയറക്ടര് സി. ചന്ദ്രബാബു സ്വാഗതവും ജി.ആര്. രജീഷ് നന്ദിയും പറഞ്ഞു.