കളത്തുംപടി പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു മണ്ണ് പരിശോധനയുടെ സ്വിച്ച് ഓണ്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു

കളത്തുംപടി പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയുടെ സ്വിച്ച് ഓണ്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കളത്തുംപടി പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു മണ്ണ് പരിശോധനയുടെ സ്വിച്ച് ഓണ്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2024 25 വര്‍ഷത്തെ ബജറ്റില്‍ നിന്നും 2 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിനായ് അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഷണ്മുഖം കനാലിന് കുറുകെ പൂമംഗലം ഗ്രാമപ്പഞ്ചായത്തിനേയും ഇരിങ്ങാലക്കുട നഗരസഭയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് കളത്തുംപടി പാലം. അപകടാവസ്ഥയിലായ നിലവിലെ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് തന്നെയാണ് പുതിയ പാലം നിര്‍മ്മിക്കുക.
നിലവില്‍ ചവിട്ടുപടികളോടുകൂടിയ പാലം കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് ഉപയോഗിക്കാനാവുന്നത്. പുതിയ പാലം വരുന്നതോടെ വാഹനങ്ങളില്‍ വേളൂക്കര, പൂമംഗലം പഞ്ചായത്തുകളില്‍ നിന്നും നഗരത്തിലേക്കും തിരിച്ചും ഉള്ള യാത്ര എളുപ്പമാകും. നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ മണ്ണ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത് ആരംഭിച്ചത്. തുടര്‍ന്ന് പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ഉടന്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിര്‍വഹണ ചുമതല.