ഇരിങ്ങാലക്കുട രൂപത 47 ാം ദിനാഘോഷവും മേജര്‍ ആര്‍ച്ച് ബിഷപ്പിന് സ്വീകരണവും ഇന്ന്
ഇരിങ്ങാലക്കുട: നാലരപതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ 47ാം രൂപതാദിനാഘോഷവും ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനുള്ള സ്വീകരണവും ഇന്ന്. സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ രാവിലെ 10 നു മാര്‍ റാഫേല്‍ തട്ടിലിനു സ്വീകരണം നല്‍കും. 10.30നു അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, 12 നു കത്തീഡ്രല്‍ കണ്വന്ഷന് സെന്ററില്‍ പൊതുസമ്മേളനം. രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
ദുരന്തബാധിത പ്രദേശമായ വയനാടിനുള്ള സഹായനിധി സമര്‍പ്പണവും രൂപതയുടെ സുവര്‍ണ ജൂബിലിക്ക് മുന്നോടിയായി 50 വീടുകള്‍ നിര്‍മിച്ചു നല്കുന്ന ‘സുവര്ണഗേഹ’ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. മാരാംകോട് ആരംഭിക്കുന്ന ‘സ്നേഹസദന്‍’ ആശീര്‍വാദകര്‍മം 2.30 നു മേജര്‍ ആര്‍ച്ചുബിഷപ് നിര്‍വഹിക്കും. രൂപതാദിന ആഘോഷത്തിലും മേജര്‍ ആര്‍ച്ച് ബിഷപ്പിനുള്ള സ്വീകരണത്തിലും വൈദികരും സമര്‍പ്പിതരും വൈദിക വിദ്യാര്‍ഥികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബകൂട്ടായ്മ, ഇടവക, ഫൊറോന, രൂപത ഭാരവാഹികള്‍, കൈക്കാരന്മാര്, മതബോധന പ്രധാന അധ്യാപകര്‍, സെക്രട്ടറിമാര്‍, ദൈവാലയ ശുശ്രൂഷികള്‍ തുടങ്ങിയവരും പങ്കെടുക്കും.