വീണ്ടെടുക്കുമോ പടിയൂരിലെ തോടുകള്‍; ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ തോടുകളിലെ നീരൊഴുക്ക് നിലച്ചു
പടിയൂര്‍: നെല്പാടങ്ങളാലും കനാലുകളാലും പ്രകൃതി രമണീയമാണ് ഗ്രാമപ്പഞ്ചായത്ത്. ഈ നെല്പാടങ്ങളോട് ചേര്‍ന്ന് ഒഴുകുന്ന ചെറുതും വലുതുമായ തോടുകള്‍ ഗ്രാമീണ ഭംഗിക്ക് മാറ്റുകൂട്ടുന്നവയാണ്. ഒരുകാലത്ത് തെളിനീരോടെ ജലസമൃതിയായി ഒഴുകിയിരുന്ന തോടുകളില്‍ ഇന്ന് കുളവാഴയും ചണ്ടിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്.
പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഫാം തോട്, നാലാം വാര്‍ഡിലെ തേമാലിത്തറ തോട്, 13ാം വാര്‍ഡിലെ പോട്ടോത്ത് പാലത്തിന് താഴെ ഷണ്മുഖം കനാലിലേക്ക് പോകുന്ന കോച്ചാംതോട് എന്നിവിടങ്ങളിലാണ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. പലകൃഷിയിടങ്ങളിലേക്കും ഇതുമൂലം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
കിഴക്കന്‍ മേഖലകളില്‍ നിന്ന് കെഎല്‍ഡിസി കനാല്‍ വഴി വരുന്ന വെള്ളം കൂത്തുമാക്കല്‍ ഷട്ടര്‍ വഴി മുഴുവനായി കനോലി കനാലിലേക്ക് ഒഴുകിപ്പോകാത്തതും തിരിച്ചടിയായിട്ടുണ്ട്. ഈ തോടുകളില്‍ നിന്നുള്ള വെള്ളം സാധാരണ കനാലിലേക്കാണ് പോകേണ്ടത്. പലതോടുകളിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഒരുപോലെ തോടുകളില്‍ വലിച്ചെറിയുന്നതും ഭീഷണിയായിട്ടുണ്ട്.
ചണ്ടി നീക്കിയാല്‍ മാത്രമേ വെള്ളം ശരിയായ ദിശയില്‍ ഒഴുകു. പടിയൂര്‍ പഞ്ചായത്തിന്റെയും പൂമംഗലം പഞ്ചായത്തിന്റെയും അതിരിലൂടെ പോകുന്ന തേമാലിത്തറ തോട്ടില്‍ ഒഴുക്കു നിലച്ച അവസ്ഥയിലാണ്. ഒഴുക്കു നിലച്ചതോടെ ജീവന് നഷ്ടപ്പെട്ട അവസ്ഥയിലാണ് പല തോടുകളും. ഫലമോ, വെള്ളം ഒഴുകി പോകാതെ മലിനീകരണത്തിന് കാരണമാകും. ഇത് തോടിനു സമീപത്തെ കിണറുകളിലേക്കും വ്യാപിക്കും. ചണ്ടിയും കുഴവാഴയും നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.