സാമൂഹിക നീതിവകുപ്പിന്റെ സഹചാരി പുരസ്കാരം സെന്റ് ജോസഫ്സിലെ എന്എസ്എസ് യൂണിറ്റുകള്ക്ക്
ഇരിങ്ങാലക്കുട: സംസ്ഥാന സര്ക്കാറിന്റെ സാമൂഹിക നീതി വകുപ്പ് നല്കുന്ന സഹചാരി പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എന്എസ്എസ് യൂണിറ്റുകള്ക്ക് ലഭിച്ചു. സര്ക്കാര്, എയ്ഡഡ് സ്കൂളുകളും കോളജുകളും ഉള്പ്പടെ മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് പഠനപഠനേതര പ്രവര്ത്തനങ്ങളില് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്എസ്എസ്, എന്സിസി, എസ്പിസി യൂണിറ്റുകളെ ആദരിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏര്പ്പെടുത്തിയ പുരസ്കാരമാണിത്.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്ഡ്. കേരള സര്ക്കാര് നടപ്പിലാക്കിയ കൈമൊഴി എന്ന ആംഗ്യ ഭാഷാ പരിശീലന പരിപാടിയില് പങ്കെടുത്ത് പരിശീലനം ആര്ജ്ജിച്ചെടുത്ത സെന്റ് ജോസഫ്സ് കോളജിലെ എന്എസ്എസ് വളണ്ടിയര്മാര് കലാലയത്തിലെ മുഴുവന് അധ്യാപകര്ക്കും അനധ്യാപകര്ക്കും വിദ്യാര്ഥികള്ക്കും പ്രത്യേകം കൈമൊഴി പരിശീലനം നല്കുകയും ജില്ലയിലെ, ആംഗ്യഭാഷയില് സമ്പൂര്ണ സാക്ഷരത നേടിയ ആദ്യകലാലയം എന്ന ബഹുമതി തൃശൂര് കലക്ട്രേറ്റില് നിന്നും നേടിയെടുക്കുകയും ചെയ്തു.
കോളജില് മാത്രമല്ല ആളൂര് പഞ്ചായത്തിലെ ഭിന്നശേഷിക്കാര്ക്കു പരിശീലനം നല്കുവാനായി ഒരു ക്യാമ്പ് സംഘടിപ്പിക്കുവാനും എന്എസ്എസ് വളണ്ടിയര്മാര്ക്ക് സാധിച്ചിരുന്നു. ഈ വര്ഷത്തെ ഭിന്നശേഷീ സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാനതല പുരസ്കാരവും സെന്റ് ജോസഫ്സ് കോളജിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഭിന്ന ശേഷിദിനത്തില് തൃശൂരില് വെച്ച് നടന്ന ചടങ്ങില് ഇരു അവാര്ഡുകളും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില് നിന്ന് കോളജ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി ഏറ്റുവാങ്ങി.