കോവിഡ്-19 പരിശോധന ഇരിങ്ങാലക്കുടയില്‍ ശക്തമാക്കി

ഇരിങ്ങാലക്കുട: കോവിഡ്-19 വ്യപാനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് പ്രോട്ടോകോള്‍ പൊതുസ്ഥലങ്ങളിസും മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നുണ്ടോയെന്നു ഉറപ്പുവരുത്തുന്നതിനു സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കി. കോവിഡ്-19 വ്യാപനം വര്‍ധിച്ചുവരുന്നതിന്റെ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന നടത്തുന്നത്. കടകളിലും, മാര്‍ക്കറ്റ് പരിസരങ്ങളിലും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്തുകയാണു പരിശോധനയുടെ ലക്ഷ്യം. എല്ലാ കടകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ അഥവാ കൈകഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, സന്ദര്‍ശകരുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ സൂക്ഷിക്കുക, ബ്രേക്ക് ദി ചെയിന്‍ ആശയം വ്യക്തമാക്കുന്ന ബോര്‍ഡ് അഥവാ ബാനര്‍ പ്രദര്‍ശിപ്പിക്കുക എന്നീ കാര്യങ്ങള്‍ കടയുടമകളും വ്യാപാരികളും ശ്രദ്ധിക്കണമെന്നു സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമായ എ.പി. ഷോജന്‍ അഭ്യര്‍ഥിച്ചു. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലങ്ങളിലോ കടകളുടെ പരിസരത്തോ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ലെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇരിങ്ങാലക്കുട മാര്‍ക്കറ്റ്, പെട്രോള്‍ പമ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബീവറേജ് ഷോപ്പ് എന്നിവിടങ്ങളില്‍ രാവിലെയും വൈകീട്ടും നടത്തിയ പരിശോധനയില്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനെ കൂടാതെ സബ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ്, നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരായ റിജേഷ്, സൂരജ് എന്നിവര്‍ പങ്കെടുത്തു.