കാട്ടൂര്‍, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പറയന്‍കടവ് പാലത്തിനു നിര്‍മാണാനുമതി
കാട്ടൂര്‍: കാട്ടൂര്‍, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പറയന്‍കടവ് പാലത്തിനു നിര്‍മാണാനുമതി ലഭിച്ചു. കനോലി കാനലിനു കുറുകെയുള്ള പാലം പണിയാന്‍ 26.69 കോടി രൂപ കിഫ്ബിയില്‍ നിന്നു അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി പ്രഫ. കെ.യു. അരുണന് എംഎല്‍എ അറിയിച്ചു. 2016-17 ലെ സംസ്ഥാന ബജറ്റിലാണു പദ്ധതി പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗം വിശദമായ എസ്റ്റിമേറ്റ് തയാറാക്കി കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന കിഫ്ബിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചശേഷമാണു അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കാട്ടൂരിനെയും കയ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തിയെയും ബന്ധിപ്പിച്ചുകൊണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ഒരു മീറ്റര്‍ വീതിയുള്ള ചെറിയ പാലമാണു ഇവിടെയുള്ളത്. ജീര്‍ണിച്ച് കൈവരികള്‍ തകര്‍ന്നു തുടങ്ങിയ പാലത്തിലൂടെ സൈക്കിള്‍ മാത്രമാണു പോകുന്നത്. 11.05 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിനു 194.18 മീറ്റര്‍ നീളം ഉണ്ടാവും. ഇരുവശത്തും 1.50 മീറ്റര്‍ നടപ്പാതയും ക്രമീകരിച്ചിട്ടുണ്ട്. 70 മീറ്റര്‍ അപ്രോച്ച് റോഡ് കാട്ടൂര്‍ പഞ്ചായത്തിലും 90 മീറ്റര്‍ അപ്രോച്ച് റോഡ് എടത്തിരുത്തി പഞ്ചായത്തിലും പണിയും. കൂടാതെ 340 മീറ്റര്‍ സര്‍വീസ് റോഡ് നിര്‍മാണത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. പാലത്തിനു ആവശ്യമായ 127.852 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ 6.89 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തീരദേശ മേഖലയിലേക്കുള്ള യാത്ര എളുപ്പമാവുമെന്നു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് പറഞ്ഞു. ഇവിടത്തുകാര്‍ക്കു ചെന്ത്രാപ്പിന്നിയിലേക്കു പോകണമെങ്കില്‍ നാലു കിലോമീറ്റര്‍ വളയണം. പാലം വരുന്നതോടെ ഗതാഗത സൗകര്യം വര്‍ധിക്കും. ഇരുകരയിലുമുള്ള ജനങ്ങള്‍ക്കു അതു ഗുണം ചെയ്യും. പാലം പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു പ്രഫ. കെ.യു. അരുണന് എംഎല്‍എ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലം പണി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗത്തിനാണു നല്‍കിയിരിക്കുന്നത്. എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.