മഴ ശക്തമാകുന്നു; മഴക്കാല പൂര്‍വ്വ ശൂചീകരണം എങ്ങുമെത്തിയില്ല, പ്രളയ ഭീതിയില്‍ ചേലൂര്‍ നിവാസികള്‍

പടിയൂര്‍ -പൂമംഗലം പഞ്ചായത്തുളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ചേലൂര്‍ തേമാലിത്തറ തോടില്‍ കുളവാഴയും ചണ്ടിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയില്‍.
ഇരിങ്ങാലക്കുട: കാലവര്‍ഷം എത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല. മഴക്കാലത്തിനു മുന്‍പ് അടിയന്തരമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നഗരസഭയിലും പഞ്ചായത്തുകളിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന വിമര്‍ശനം ശക്തം. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തോടുകള്‍, ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ വൃത്തിയാക്കുന്ന ജോലികളാണ് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും നടപ്പാക്കുന്നത്. നഗരസഭയുടെ പടിഞ്ഞാറെ അതിര്‍ത്തി പങ്കിടുന്ന ചേലൂര്‍ തേമാലിത്തറ പ്രദേശത്താണ് കഴിഞ്ഞ പ്രളയ സമയത്ത് ഏറ്റവും കൂടുതല്‍ വെള്ളം കയറിയത്.
കയറിയ വെള്ളം ദിവസങ്ങളോളം അവിടെ തന്നെ തങ്ങിനിന്നു. അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. അതൊന്നും ഒരു ദിവസം കൊണ്ട് ചെയ്യാന്‍ പറ്റുന്നതല്ല. പക്ഷേ ഈ കുളവാഴകള്‍ നീക്കി നീരൊഴുക്ക് സുഖമാക്കിയാല് ഒരു പരിധി വരെ ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനാകും.പടിയൂര്‍ പഞ്ചായത്ത്, പൂമംഗലം പഞ്ചായത്ത്, ഇരിങ്ങാലക്കുട നഗരസഭ എന്നിവ അതിരുകള്‍ പങ്കി ടുന്ന മേഖലയായതിനാല്‍ ആര്‍ക്കും ഇതിനൊരു ഉത്തരവാദിത്വമില്ല. ഇ തിനൊരു ശാശ്വത പരിഹാരം കാണാന്‍ ആരും ഇതുവരെ തയ്യാറായിട്ടുമില്ല.
കണ്ഠേശ്വരത്തെ കെഎസ്ആര്‍ടിസി പ്രദേശം മുതല്‍ ഒഴുകിവരുന്ന മഴവെള്ളം പൂച്ചകുളത്തില് എത്തി, അവിടെ നിന്ന് പുത്തന്‍തോട്ടിലൂടെ ഷണ്മുഖം കനാലിലെത്തി പിന്നീട് കാക്കാത്തുരുത്തി പുഴയില്‍ വന്ന് കടലിലേക്ക് ഒഴുകേണ്ടതാണ്. ഇതിന് തടസ്സമായി വരുന്ന കുളവാഴകള്‍, ഒ ടിഞ്ഞു വീഴുന്ന മരങ്ങള്‍ തുടങ്ങി നീരൊഴുക്കിന് തടസ്സം വന്നാല്‍ തേമാലിത്തറ മുങ്ങും. അവിടെ നൂറോളം വീടുകളില്‍ താമസിക്കുന്ന നിരവധി പേരും മുങ്ങും. ഏകദേശം രണ്ട് കിലോ മീറ്ററോളം വരുന്ന ഈ തോട് കുളവാഴകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്. അത് വൃത്തിയാക്കണം. നഗരത്തില്‍ ഉള്‍പ്പടെ മിക്ക പ്രദേശങ്ങളിലും ഓടകളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്.
ഠാണാ ജംഗ്ഷനില്‍ മണ്ണും മാലിന്യവും നിറഞ്ഞതിനാല്‍ ചെറിയ മഴയില്‍ പോലും റോഡിലൂടെയാണ് വെള്ലം പരന്നൊഴുകുന്നത്. ഗ്രാമീണ റോഡുകളുടെ വശങ്ങളിലുള്ള ഓടകളുടെ അവസ്ഥയും സമാനമാണ്. വൃക്ഷ ശിഖരങ്ങള്‍ ഉള്‍പ്പടെ ഓടകളില്‍ അടിഞ്ഞു കൂടി കിടക്കുന്നുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും ഓട നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്ന സഹചര്യമാണ്. വിരലില്‍ എണ്ണാവുന്ന ജലസ്രോതസുകള്‍ വൃത്തിയാക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ തോടുകളുടെ അവസ്ഥയും ദയനീയമാണ്. മിക്ക തോടുകളിലും മാലിന്യം അടിഞ്ഞു കിടക്കുകയാണ്. തുടര്‍ച്ചയായുണ്ടായ മഴയില്‍ മാലിന്യം റോഡുകളിലേക്കു ഒഴുകിയെത്തി. ഇതോടെ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്യം കൂടുതല്‍ ദയനീയ അവസ്ഥയിലായി.
