ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് ആര്. നായര്‍ സ്റ്റേഷന് സന്ദര്‍ശിക്കുന്നു.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് ആര്. നായര്‍ സ്റ്റേഷന് സന്ദര്‍ശിച്ചു. സ്റ്റേഷനില്‍ നടത്തേണ്ട കാര്യങ്ങള്‍ സ്റ്റേഷന് മാസ്റ്ററുമായും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍, റെയില്‍വേ വികസനസമിതി ഭാരവാഹികള്‍ എന്നിവരുമായും ചര്‍ച്ച ചെയ്തു. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രതിനിധി അറിയിച്ചു. ആറുവര്‍ഷമായി പണിയാതെ കിടന്നിരുന്ന ശൗചാലയങ്ങളുടെ നവീകരണം, 20 വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വിശ്രമമുറി നവീകരണം, പ്ലാറ്റ്ഫോം ടൈല്‍ വിരിക്കല്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതായും പ്ലാറ്റ്ഫോമില്‍ അഞ്ച് ഷെല്‍ട്ടറുകള്‍ ഉടന്‍ എത്തുമെന്നും അറിയിച്ചു. പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ്, റെയില്‍വേ വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തല്ലൂക്കാരന്‍, സെക്രട്ടറി ശശി ശാരദാലയം, ബിജെപി ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം, ജില്ലാ ഭാരവാഹികള്‍ എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു.
സുരേഷ് ഗോപി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകണം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പിന്‍വലിച്ച സ്റ്റോപ്പുകളുടെയും അര്‍ഹമായ മറ്റു വണ്ടികള്‍ക്കുള്ള സ്റ്റോപ്പുകളുടെയും കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാടു വ്യക്തമാക്കണമെന്ന് കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമരസമിതി മുഖ്യ സംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഞ്ച് നിയോജകമണ്ഡലങ്ങളിലെ ഇരുപതോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രശ്നമാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന. ഇതിന്റെ ഗൗരവം സുരേഷ് ഗോപി മനസ്സിലാക്കണം. റെയില്‍വേ സ്റ്റേഷനില്‍ മിനുക്കുപണികള്‍ നടത്തിയതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. സുരേഷ് ഗോപി നേരിട്ട് ചര്‍ച്ചയ്ക്കു തയ്യാറാകണമെന്നും വര്‍ഗീസ് തൊടുപറമ്പില്‍ ആവശ്യപ്പെട്ടു.
