പെയ്തൊഴിയാതെ ദുരിതം; കാറ്റിലും മഴയിലും നാശം, നിരവധി വീടുകളില്‍ വെള്ളം കയറി

കാറ്റിലും മഴയിലും പുല്ലൂര്‍ കൊളയാട്ടില്‍ ബിജുവിന്റെ വീടിനു മുകളില്‍ മരം വീണ് വീട് തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പത്തനങ്ങാടി കിഴക്കേ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഒരു കുടുംബത്തെ അയ്യങ്കാളി സാംസ്കാരികനിലയത്തിലേക്ക് മാറ്റിത്താമസിച്ചു. കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ മാറിത്താമസിക്കേണ്ട സ്ഥിതിയാണ്. പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിനായി തടയണ നിര്‍മിച്ചത് വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമാകുന്നതിനാലാണ് മൂന്നുദിവസം മഴ പെയ്യുമ്പോഴേക്കും പ്രദേശത്ത് വെള്ളം ഉയരാന്‍ കാരണമെന്നും എത്രയും പെട്ടെന്ന് തടയണ ഭാഗത്തുകൂടി വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും വാര്‍ഡംഗം നിഷാ പ്രനിഷ് ആവശ്യപ്പെട്ടു.
മുനയം ബണ്ട് പൊട്ടിക്കുകയും കൊറ്റംകടവ്, ഇല്ലിക്കല്‍ റെഗുലേറ്ററുകളുടെ ഷട്ടറുകള്‍ തുറക്കുകയും ചെയ്തതോടെ കാറളം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണുള്ള അപകടങ്ങള്‍ തുടരുന്നു. ഇരിങ്ങാലക്കുട മേഖലയില്‍ 30 ഇടങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുതിക്കമ്പി പൊട്ടിയും കാലുകളൊടിഞ്ഞും അപകടങ്ങളുണ്ടായത്. പലയിടത്തും മൂന്നു ദിവസമായി വൈദ്യുതിബന്ധം തകരാറിലാണ്. കെഎസ്ഇബി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തീവ്രയജ്ഞത്തിലാണ്.
എന്നാല്‍, ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും കാറ്റും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കല്ലേറ്റുംകര പട്ടാളം റോഡില്‍ കൂറ്റന്‍ തേക്ക് കനത്ത കാറ്റിലും മഴയിലും കടപുഴകി റോഡില്‍ നിര്‍ത്തിവെച്ചിരുന്ന വൈദ്യുതിക്കമ്പികള്ക്കും ബൈക്കിനും മുകളിലൂടെ വീണു. കഴിഞ്ഞ ദിവസം രാത്രിയാണ് മരം റോഡിനു കുറുകെ വൈദ്യുതി ലൈനുകള്‍ക്കു മുകളിലൂടെ വീണത്. റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മരത്തിനടിയില്‍ കുടുങ്ങി. തെട്ടടുത്ത വീട്ടില്‍ കല്യാണത്തലേന്ന് പരിപാടിക്കായി എത്തിയ കണ്ണംകുന്നി വര്‍ഗീസിന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഒരു വൈദ്യുതിക്കാലും ഒടിഞ്ഞിട്ടുണ്ട്.
മരം മുറിച്ചുനീക്കിയെങ്കിലും പ്രദേശത്തെ വൈദ്യുതിബന്ധം ആകെ തകരാറിലാണ്. ശക്തമായ കാറ്റിലും മഴയിലും പൊറത്തിശേരിയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 33ല്‍ വേലക്കപ്പാടി ശശിയുടെ വീടാണ് വീണ് തകര്‍ന്നത്. തൊട്ടടുത്തുള്ള പറമ്പിലെ തെങ്ങാണ് വീടിന് മുകളിലേക്ക് വീണത്. അപകടാവസ്ഥയിുള്ള തെങ്ങ് മുറിച്ച് മാറ്റണമെന്ന് രണ്ട് ദിവസം മുമ്പ് പറമ്പിന്റെ ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ശശിയുടെ കുടുംബം പറഞ്ഞു. കാറ്റിലും മഴയിലും വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ വ്യാപകമായ നാശം സംഭവിട്ടീട്ടുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി.
കൃഷിനാശവും ഉണ്ട്. മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതിവിതരണം മുടങ്ങി. കോഴിക്കാട് പ്രദേശത്ത് കൊല്ലംപറമ്പില്‍ അശോകന്റെ വീട്ടുവളപ്പിലെ നിരവധി കവുങ്ങുകള്‍ ഒടിഞ്ഞു. വീടിനു മുകളിലേക്കുവീണ് വീടിനും നാശനഷ്ടമുണ്ട്. പൂവത്തുംകടവ് വള്ളിവട്ടം തൂമാട്ട് സജീവിന്റെ വീടിനുമുകളിലേക്ക് അടുത്ത വീട്ടിലെ തേക്കിന്റെ കൊമ്പൊടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. വീടിന്റെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്. കരൂപ്പടന്ന പാരിജാതപുരം ക്ഷേത്രത്തിനുസമീപം മരം ഒടിഞ്ഞു വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടി. വൈദ്യുതിക്കാലുകളും ചെരിഞ്ഞു. കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നതുമൂലമുള്ള വൈദ്യുതിസ്തംഭനം മേഖലയില്‍ മേഖല തുടരുകയാണ്. പുല്ലൂര്‍ കൊളയാട്ടില്‍ ബിജുവിന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.