പൂജ്യം ചെലവില്‍ മത്സ്യകൃഷിയുമായി ഇരിങ്ങാലക്കുടക്കാരന്
ഇരിങ്ങാലക്കുട: കുറഞ്ഞ ചെലവില്‍ വീട്ടാവശ്യത്തിനു വേണ്ട മീന്‍ വളര്‍ത്താനാകുമെന്ന് തെളിയിക്കുകയാണു നാലു വര്‍ഷത്തിലെറെ കാലമായി മത്സ്യം വളര്‍ത്തുന്ന റിട്ട. എന്‍ജിനീയറും വാട്ടര്‍ ഹീറോ ജേതാവുമായ കാവല്ലൂര്‍ ഗംഗാധരന്. വിഷ രഹിത മത്സ്യം ലഭിക്കാനുള്ള സാധ്യത കുറവായതിനാലാണു അദ്ദേഹത്തെ ഈ തീരുമാനത്തില്‍ എത്തിച്ചത്. ഈ പദ്ധതി നടപ്പാക്കാന്‍ പ്രത്യേകം മോട്ടോര്‍ പമ്പ് സെറ്റോ കിണര്‍ വെള്ളത്തിനെ മാത്രം ആശ്രയിക്കേണ്ട കാര്യമോ ഇല്ല. മീന്‍ കാഷ്ടവും അഴുക്കു വെള്ളവും നീക്കാന്‍ മെഷീനിന്റെ സഹായവും വേണ്ട. റൂഫിന്റെ മുകളില്‍ വെച്ചിരിക്കുന്ന കുടിവെള്ള ടാങ്കിന്റെ ഓവര്‍ ഫ്ളോ വെള്ളം ഫിഷ് ടാങ്കില്‍ പതിക്കുന്ന തരത്തിലാണു ഫിഷ് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ഓവര്‍ ഫ്ളോ പൈപ്പിന്റെ അറ്റത്ത് പോറസ് പൈപ്പ് ഘടിപ്പിച്ചാല്‍ വെള്ളം ചീറ്റി തുള്ളികളായി ടാങ്കില്‍ വീഴും. ജലകണങ്ങള്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍ വലിച്ചെടുക്കന്നതിനാല് ജലത്തിന്റെ ഗുണനിലവാരം കൂടും. മത്സ്യം വേഗം വളരാന്‍ ഇതു തുണയാകും. പുരപ്പുറവെള്ളം പോകാനുള്ള പൈപ്പ് ടാങ്കിലേക്കു കൊടുത്താല്‍ മഴക്കാലത്ത് കിണര്‍ വെള്ളത്തിന്റെ ആവശ്യം വരില്ല. പിവിസി പൈപ്പ് സൈഫണ് തത്വത്തില്‍ ക്രമീകരിച്ചാല്‍ മോട്ടോര്‍ പമ്പ് സെറ്റ് ഇല്ലാതെ കാഷ്ടവും മലിനജലവും അടി തട്ടില്‍ നിന്നും കളയാം. ആഴ്ചയില്‍ രണ്ടു ദിവസം അരമണിക്കൂര്‍ ചെലവിട്ടാല്‍ ഫിഷ് ടാങ്ക് വൃത്തിയാകും. വീട്ടില്‍ അധികം വരുന്ന ഭക്ഷണം മീനുകള്‍ക്കു കൊടുക്കാം. പെറ്റുപെരുകുന്ന നാടന്‍ പിലാപ്പിയ ആണെങ്കില്‍ അധികം വരുന്ന മീന്‍ പിടിച്ച് അവയുടെ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യാം.