ഖേലോ ഇന്ത്യ സ്കീം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍
ഇരിങ്ങാലക്കുട: കേന്ദ്രഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് യൂത്ത് എഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ ഖേലോ ഇന്ത്യ സ്കീമില്‍ അത്ലറ്റിക്സിനും വെയ്റ്റ്ലിഫിറ്റിംഗിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ കേന്ദ്ര ഗവണ്മെന്റ് തെരഞ്ഞെടുത്തു. രാജ്യത്ത് സ്പോര്‍ട്സ് വളര്‍ത്തുക, ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പൊതു പങ്കാളിത്തം കൂട്ടുക, അതുവഴി കായിക രംഗത്ത് ഉന്നതമായ രീതിയില്‍ ശോഭിക്കുക, 2024, 2028, 2032 എന്നീ വര്‍ഷങ്ങളിലെ ഒളിപിക്സുകളില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണു ഖേലോ ഇന്ത്യ ടാലന്റ് ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് എന്ന പേരില്‍ (കെഐടിഡി) പദ്ധതി തുടങ്ങിയിരിക്കുന്നത്. വര്‍ഷങ്ങളായി കായികരംഗത്ത് ക്രൈസ്റ്റ് കോളജിന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെയാണു കേന്ദ്ര ഗവണ്മെന്റ് ഈ പദ്ധതിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം സ്പോര്‍ട്സ് പ്രമോട്ട് ചെയ്യുന്ന കോളജിനുള്ള 2017 ലെ പിഇഎഫ്ഐ അവാര്‍ഡും കോളജ് തലത്തില്‍ ബെസ്റ്റ് സ്പോര്‍ട്സ് പെര്‍ഫോമന്‍സിനുള്ള കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2018-19 ലെ ജിവി രാജ അവാര്‍ഡും തുടര്‍ച്ചയായി നാലം വര്‍ഷവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്പോര്‍ട് അഗ്രിഗേയ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ ക്രൈസ്റ്റ് കോളജിനു ഈ നാടിനു കായിക രംഗത്ത് ലഭിച്ച അംഗീകാരം കൂടിയാണു ഖേലോ ഇന്ത്യ എന്ന പദ്ധതി.