നാലമ്പല തീര്‍ഥാടനം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിനകത്ത് ഒരുക്കുന്ന ക്യൂ കോംപ്ലക്സില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും

കൂടല്‍മാണിക്യം ക്ഷേത്രം.
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് മഴ കൊള്ളാതെ വരി നില്‍ക്കുന്നതിന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിനകത്ത് ഒരുക്കുന്ന ക്യൂ കോംപ്ലക്സില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു. നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത നാലമ്പല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നാലമ്പല തീര്‍ഥാടനത്തിന് മുന്‍പായി പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാടത്തെ താത്കാലിക ബണ്ട് റോഡ് ബലപ്പെടുത്തുമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. പായമ്മല്‍ ദേവസ്വം ഭാരവാഹികളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അടിയന്തരമായി ബണ്ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് പിഡബ്ല്യൂഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഗമമായി തൊഴാന്‍ ഓരോ ക്ഷേത്രത്തിലും വിപുലമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കാനും കുറ്റമറ്റ രീതിയില്‍ നടത്താനും യോഗം തീരുമാനിച്ചു. നാലമ്പല തീര്‍ഥാടനത്തിന് മുന്‍പായി നഗരത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും തീര്‍ഥാടനകാലത്ത് തൊഴാനെത്തുന്നവരുടെ ആരോഗ്യകാര്യങ്ങള്‍ നോക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രവീന്ദ്രന്, സെക്രട്ടറി വി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍, ആര്‍ഡിഒ പി. ഷിബു, തഹസില്‍ദാര്‍ സമീഷ് സാഹു, ഡിവൈഎസ്പി സുരേഷ്, എസ്എച്ച്ഒ എം.എസ്. ഷാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
നാലമ്പല തീര്‍ഥാടന സര്‍വീസ് 17 മുതല്‍
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നുള്ള നാലമ്പല തീര്‍ഥാടന സര്‍വീസുകള്‍ 17 മുതല്‍ ആരംഭിക്കും. രണ്ട് ബസുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചായിരിക്കും രണ്ടാമത്തെ ബസിന്റെ സര്‍വീസ് ക്രമീകരിക്കുന്നത്. ഒരാള്‍ക്ക് 340 രൂപയാണ് ടിക്കറ്റ് ചാര്‍ജ് വരുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബന്ധപ്പെടുക: 9188933793, 9745888454, 9746741415