സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ഭിന്നത; നാട്ടിക എംഎല്‍എ സി.സി. മുകുന്ദന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സി.സി. മുകുന്ദന്.
മരിക്കുവോളം പ്രസ്ഥാനത്തില്‍ നില്ക്കും- മുകുന്ദന്
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സി.സി. മുകുന്ദന് ഇറങ്ങിപ്പോയി. ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ പി.എ. മസൂദിനെ ന്യായീകരിച്ച് നിലപാട് എടുക്കണമെന്ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അയാള്‍ക്കെതിരെ നിയമസഭ നടപടി സ്വീകരിച്ചിട്ടുണ്ട്.
മസൂദിനെ പിന്തുണയ്ക്കാന്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, വി.എസ്. സുനില്‍കുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുകുന്ദന് വ്യക്തമാക്കി. ഇതിനിടയില്‍ നിലവില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയായ കെ.ജി. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനു പകരം വി.എസ്. സുനില്‍ കുമാര്‍, ടി.ആര്. രമേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഇതിനിടെ മുകുന്ദന് സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാല്‍ മരിക്കുവോളം പ്രസ്ഥാനത്തില്‍ നില്‍ക്കുമെന്നും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും മുകുന്ദന് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയില്‍ പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളാണ് താന്‍. പാര്‍ട്ടി തനിക്കെതിരെ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും മുകുന്ദന് കൂട്ടിച്ചേര്‍ത്തു.