ആയിരങ്ങള്‍ക്കിത് ആശ്വാസകേന്ദ്രം; പുരസ്കാര മികവില്‍ അഭിമാനമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി.
ഇരിങ്ങാലക്കുട: സംസ്ഥാന കായകല്‍പ്പ് പുരസ്കാര മികവില്‍ അഭിമാനമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി. ആയിരങ്ങള്‍ക്കിത് ആശ്വാസകേന്ദ്രമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി. ആയിരത്തി അറൂന്നൂറോളം രോഗികളാണ് ദിവസവും ചികില്‍സതേടി ഇവിടെ എത്തുന്നത്. പരിശോധനകളും ശസ്ത്രക്രിയകളും എല്ലാം കുറഞ്ഞ ചെലവില്‍. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ മികച്ച സൗകര്യങ്ങളുള്ള ജനറല്‍ ആശുപത്രിയായി മാറും. പുതിയ കെട്ടിടത്തില്‍ മൂന്ന് ഓപ്പറേഷന് തിയേറ്ററുകളാണ് സജ്ജമാക്കുന്നത്.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാ, ജനറല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലെ മികവിനാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. സംസ്ഥാനത്തെ ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്ക് നേടിയാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മുന്നിലെത്തിയത്.
96 ശതമാനം മാര്‍ക്ക് നേടി മികച്ച പരിസ്ഥിതി സൗഹൃദ അവാര്‍ഡിനും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ 25 ലക്ഷം രൂപയും പരിസ്ഥിതി വിഭാഗത്തിന് 10 ലക്ഷം രൂപയുമാണ് അവാര്‍ഡ് തുക. ഇരിങ്ങാലക്കുട ആശുപത്രിയില്‍ ശുചീകരണത്തിനും മാലി ന്യങ്ങള്‍ നീക്കുന്നതിനും മുന്തിയ പരിഗണന നല്കി. പ്രസവ വാര്‍ഡ് ഏറ്റവും ശുചിത്വത്തോടെ പരിപാലിച്ചു. ക്ലോറിനേഷന് വഴി കൃത്യമായ ഇടവേളകളില്‍ അണു നശീകരണം നടത്തി. പ്രസവ വാര്‍ഡിലും കുട്ടികളുടെ വാര്‍ഡിലും ചുവരുകളെല്ലാം പെയിന്റ് ചെയ്തു.
തറയില്‍ കാര്‍ പെറ്റുകള്‍ വിരിച്ചു. വാര്‍ഡുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രത്യേകം കളര്‍ ബക്കറ്റുകള്‍ സ്ഥാപിച്ചു. ജൈവ, അജൈവ ആശുപത്രി മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിച്ചു. 3, 4 മണിക്കൂര്‍ ഇടവിട്ട് ഇവ മാറ്റി കൊണ്ടിരിക്കും. മാലിന്യങ്ങള്‍ പ്രത്യേക മുറിയില്‍ സംഭരിച്ചാണ് ഏജന്‍സിക്ക് കൈമാറുന്നത്. മാലിന്യ വലിച്ചെറിയാതിരിക്കാന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബോധവല്‍ക്കരണം നടത്തി. എം.ജി. ശിവദാസാണ് ആശുപത്രി സൂപ്രണ്ട്.
