സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു; കെ.ജി. ശിവാനന്ദന് ജില്ലാ സെക്രട്ടറി

കെ.ജി. ശിവാനന്ദന്.
ഇരിങ്ങാലക്കുട: നാലു ദിവസമായി തുടര്‍ന്ന സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സമാപനമായി. 57 അംഗ ജില്ലാ കൗണ്‍സിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദനെ തെരഞ്ഞെടുത്ത വിവരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളന പ്രതിനിധികളെ അറിയിച്ചു.
പുതിയ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍: കെ.കെ. വത്സരാജ്, ടി.ആര്. രമേഷ്കുമാര്‍, പി. ബാലചന്ദ്രന്, വി.എസ്. സുനില്‍കുമാര്‍, കെ.ജി. ശിവാനന്ദന്, വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, ഷീന പറയങ്ങാട്ടില്‍, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍, ടി.കെ. സുധീഷ്, കെ.വി. വസന്തകുമാര്‍, ഇ.എം. സതീശന്, കെ.എസ്. ജയ, എം.ആര്. സോമനാരായണന്‍, പി.കെ. കൃഷ്ണന്, ടി. പ്രദീപ്കുമാര്‍, സി.വി. ജോഫി, സി.യു. പ്രിയന്, പി.ഡി. റെജി, അഡ്വ. കെബി. സുമേഷ്, പി. ശ്രീകുമാര്‍, എം.യു. കബീര്‍, പ്രേംരാജ് ചൂണ്ടലാത്ത്, സി.വി. ശ്രീനിവാസന്, വി.ആര്. മനോജ്, കെ.കെ. ജോബി, കെ.എം. കിഷോര്‍കുമാര്‍, ടി.പി. രഘുനാഥ്, എന്‍.കെ. ഉദയപ്രകാശ്, അഡ്വ.വി.ആര്. സുനില്‍കുമാര്‍, എം.ആര്. അപ്പുക്കുട്ടന്, എം.വി. ഗംഗാധരന്, പി.കെ. ശേഖരന്, അജിത വിജയന്, പ്രസാദ് പാറേരി, സാറാമ്മ റോബ്സണ്, ടി.പി. സുനില്‍, കെ.ടി. ഷാജന്, അഡ്വ. മുഹമ്മദ് ബഷീര്‍, ഗീതാ ഗോപി, സി.ആര്. മുരളീധരന്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, അഡ്വ. എ.ഡി. സുദര്ശനന്, പി. മണി, സി.സി. വിപിന്‍ചന്ദ്രന്‍, പി.പി. സുഭാഷ്, ബിനോയ് ഷബീര്‍, പി.കെ. ജോബി, കെ.കെ. രാജേന്ദ്രബാബു, പി.എസ്. ജയന്. കാന്‍ഡിഡേറ്റ് അംഗങ്ങള്‍: സജ്ന പര്വിന്, ഉഷാ പരമേശ്വരന്, പി.കെ. രാജേശ്വരന്, പി.എം. നിക്സണ്, കനിഷ്കന്‍ വല്ലൂര്‍.
സമാപന ദിവസം പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സിപിഐ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ സത്യന് മൊകേരി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൂടിയായ ജെ. ചിഞ്ചുറാണി, അഡ്വ.എന്‍. രാജന്, സംസ്ഥാന എക്സി. അംഗം സി.എന്‍. ജയദേവന്, ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞ കെ.കെ. വത്സരാജ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.ജി. ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ പ്രസീഡിയം കമ്മിറ്റിക്കുവേണ്ടി കെ.വി. വസന്തകുമാറും സംഘാടക സമിതിക്കുവേണ്ടി സപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശും നന്ദി പറഞ്ഞു.
കുട്ടംകുളം സമരത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കണം-സിപിഐ
ഇരിങ്ങാലക്കുട: കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന ഐതിഹാസികമായ നവോഥാന സമരങ്ങളില്‍ സുപ്രധാനവും സവിശേഷവുമയ അധ്യായമാണ് ഇരിങ്ങാലക്കുടയില്‍ നടന്ന കുട്ടംകുളം സമരം. അനാചാരങ്ങള്‍ക്കെതിരെ കൊച്ചി രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും എസ്എന്‍ഡിപി യോഗവും പുലയമഹാസഭയും ഒന്നിച്ചു നടത്തിയ മുന്നേറ്റമായിരുന്നു അത്. കൂടല്‍മാണിക്യം യോഗത്തിനു സമീപമുള്ള കുട്ടംകുളത്തിന്റെ തെക്കുവശത്തുള്ള പാതയിലൂടെ ഈഴവന് മുതല്‍ താഴോട്ടുള്ള അവര്‍ണ സമുദായക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന തീണ്ടല്‍പ്പലക അവിടെ സ്ഥാപിച്ചിരുന്നു. കാലത്തിനു നിരക്കാത്ത സവര്‍ണാധിപത്യത്തിന്റെ ഈ തീണ്ടല്‍പ്പലക തൃണവല്ക്കരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും സമരവളണ്ടിയര്‍മാര്‍ കുട്ടംകുളം റോഡിലേക്ക് 1946 ജൂണ്‍ 23ന് പ്രവേശിച്ചു.
സഖാക്കള്‍ ചാത്തന് മാസ്റ്റര്‍, പി. ഗംഗാധരന്, പി.കെ. കുമാരന്, കെ.വി. ഉണ്ണി, ധീരവനിത പി.സി. കുറുമ്പയടക്കമുള്ളവര് നേതൃത്വം നല്കിയ ആ ജനസഞ്ചയത്തെ രാജഭരണത്തിന്റെ കിങ്കരന്മാരായ മലബാര്‍ സ്പെഷല്‍ പോലീസ് അതികഠിനമായി മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിച്ചു. എന്നാല്‍, കാലപ്രവാഹത്തില്‍ നാടിന് സ്വാതന്ത്ര്യവും എല്ലാ ജനവിഭാഗങ്ങള്‍ക്കും പൗരാവകാശവും ലഭിച്ചു. കുട്ടംകും സമരസേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളായി രാഷ്ട്രം അംഗീകരിച്ചു. എന്നാല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ഐതിഹാസിക സമരത്തിന് ഉചിതവും ശാശ്വതവുമായ ഒരു സ്മാരകവും ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ കുട്ടംകുളം സമരത്തിന് എത്രയും വേഗം ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര പ്ലാനിംഗ് കമ്മീഷന് പുനഃസ്ഥാപിക്കണം:
യൂണിയന്-സ്റ്റേറ്റ് ബന്ധം ആരോഗ്യപരമായി നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും കേന്ദ്രത്തോട് സിപിഐ
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ ആകമാനം വികസനത്തിന് സഹായകരമായിരുന്ന ആസൂത്രണ കമ്മീഷന് പുനഃസ്ഥാപിക്കണമെന്നും ഭരണഘടനയിലൂന്നിയ യൂണിയന്-സ്റ്റേറ്റ് ബന്ധം ആരോഗ്യപരമായി നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഊഷ്മളമായിരുന്ന കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദുര്‍ബലപ്പെടുത്തി, അധികാരം കേന്ദ്രീകരിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ നരേന്ദ്രമോഡി ഭരണകൂടം നടപ്പാക്കുന്നത്.
ബിജെപിക്ക് അധികാരസാധ്യതകളില്ലാത്ത സംസ്ഥാനങ്ങളെ ഉന്നംവച്ചുള്ള രാഷ്ട്രീയ നിലപാടായാണ് ഈ നീക്കത്തെ കാണുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷന്റെ സേവനങ്ങള്‍ അവസാനിപ്പിച്ച് സുസ്ഥിരവും സുശക്തവുമായ ജനകീയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ നിഷേധിച്ച് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.
കേരളത്തില്‍ തുടര്‍ച്ചയായ രണ്ട് ഇടതു മുന്നണി സര്‍ക്കാരുകള്‍ ഒമ്പത് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പരിശോധിച്ച് ഉയര്‍ന്ന മാര്‍ക്കിടുമ്പോള്‍, മറുഭാഗത്ത് അതേ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തികമായി ഞെരുക്കി കേരളത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ കേന്ദ്ര വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു.
2023 മുതല്‍ 025 ജനുവരി വരെയുള്ള കേന്ദ്ര വിഹിതത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ 2942.29 കോടി രൂപയുടെ കുറവാണ് കേരളത്തിന് ഉണ്ടായിട്ടുള്ളത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുകയാണ്. ജിഎസ്ടി നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന നഷ്ടപരിഹാരത്തുക നിര്‍ത്തലാക്കിയതിലൂടെ മാത്രം പ്രതിവര്‍ഷം 12,000 കോടി രൂപയാണ് കേരളത്തിന് നഷ്ടം. സംസ്ഥാനത്തിന്റെ വികസന, ക്ഷേമ കാര്യങ്ങളിലടക്കം ഭരണഘടനയിലധിഷ്ടിതമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയാറാവണമെന്നും പാര്‍ട്ടി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
കെ.ജി. ശിവാനന്ദന് സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു- ഇപ്പോള്‍ എഐടിയുസി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും ജില്ലാ സെക്രട്ടറിയുമാണ് കെ.ജി.എസ്
ഇരിങ്ങാലക്കുട: എഐവൈഎഫും, എഐഎസ്എഫും നടത്തിയ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ പ്രക്ഷോഭകാലം മുതല്‍ സമരരംഗത്ത് സജീവമായിരുന്ന സഖാവാണ് കെ.ജി. ശിവാനന്ദന്. നിരവധി തവണ സംസ്ഥാന കാല്‍നട ജാഥകളില്‍ പങ്കെടുത്ത ആളാണ്. എഐവൈഎഫ് നയിച്ച കാസര്‍ഗോഡ്-തിരുവനന്തപുരം കാല്‍നട ജാഥകളില്‍ രണ്ട് തവണ അംഗമായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കാസര്‍ഗോഡ് നിന്നും കൊച്ചിയിലേക്കുള്ള കാല്‍നട മാര്‍ച്ചിന്റെ ക്യാപ്റ്റനായിരുന്നു.
നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും നയിക്കുകയും ചെയ്തു. യൂണിയന് ലിവര്‍ കമ്പനിയ്ക്ക് വേണ്ടി ഓഹരി വില്പന നടത്തിയപ്പോള്‍ അതിനെതിരെ മോഡേണ്‍ ബ്രഡ് കമ്പിനി യിലേക്ക് നടത്തിയ ശ്രദ്ധേയമായ സമരത്തിനു നേതൃത്വം നല്കി. സമരമുഖത്തു വച്ച് പല തവണ പോലീസ് മര്‍ദ്ദനത്തിനിരയായി, ജയില്‍വാസവും അനുഭവിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശിവാനന്ദന് ബാലവേദി, വിദ്യാര്‍ഥി സംഘടന പ്രവര്ത്തനങ്ങളിലൂടൊണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. എഐവൈഎഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി,
ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചു. രണ്ട് ഘട്ടങ്ങളില്‍ സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. രണ്ട് തവണ സിപിഐ ദേശീയ കൗണ്‍സിലിലും അംഗമായിരുന്നു. ഇപ്പോള്‍ എഐടിയുസി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്. എഐടിയുസി നേതൃത്വത്തിലുള്ള നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്.
അപ്പോള ടയേഴ്സ് എന്ന സ്ഥാപത്തിലെ സ്വതന്ത്ര യൂണിയന്റെ പ്രസിഡന്റാണ്. കേരള ലാന്‍ഡ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു, കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. പ്രാസംഗികനും എഴുത്തുകാരനുമാണ്. മൂന്ന് ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. ഭാര്യ: കെ.ജി. ബിന്ദു (സഹകരണ ബാങ്ക് ജീവനക്കാരി). മക്കള്‍: അളകനന്ദ, അഭിനന്ദ