കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രാസമാലിന്യം കിണറുകളില്‍

കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രാസമാലിന്യം കിണറുകളില്‍
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്കയോടെ ഗ്രാമവാസികള്‍
എന്നു തീരും ഈ ദുരിതം…..പിറന്ന നാട്ടില്‍ ജീവിക്കാനാണീ സമരം
കിണറുകളില്‍ രാസമാലിന്യം; ഇല്ലാതായത് 300 ഓളം വീടുകളിലെ കുടിവെള്ളം
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്കയോടെ ഗ്രാമവാസികള്‍
തലമുറകളായി ഉപേയാഗിച്ചു വരുന്ന കിണറുകളാണ് മലിനമായത്
കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനികളില്‍ നിന്നും ഒഴുകിയ രാസമാലിന്യം സമീപത്തെ കിണറുകളില്‍ എത്തിച്ചേര്‍ന്നതോടെ സമീപത്തെ മുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇല്ലാതായത്
കാട്ടൂര്‍: കണ്മുന്നിലെ കിണറുകളില്‍ വെള്ളമുണ്ടായിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ 300 കുടുംബങ്ങള്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവിടുന്ന രാസമാലിന്യം പരിസരത്തെ കിണറുകളിലേക്കൊഴുകി കിണറുകള്‍ മലിനമായതാണ് കാരണം.
കാലങ്ങളായി വീട്ടുകിണറുകല്ലെ വെള്ളമാണ് ഇവര്‍ കുടിവെള്ളമായി ഉപേയാഗിക്കാറ്. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന തെക്കേക്കര വിന്‍സെന്റ്, തേക്കലപറമ്പില് പ്രഭാകരന് എന്നിവരുടെ കിണര്‍ ജലം അപകടകരമായ രീതിയില്‍ പാടകെട്ടുകയും നിറം മാറുകയും ജലത്തിന് ഗന്ധം അനുഭവപ്പെടുകയും ചെയ്തതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
2024 മെയ് മാസത്തില്‍ മഴ ആരംഭിച്ചതോടെയാണ് വിന്‍സെന്റിന്റെ വീട്ടിലെ കിണറില്‍ നിറവ്യത്യാസം കണ്ടുതുടങ്ങിയത്. ഏകദേശം അമ്പതിലധികം വര്‍ഷം പഴക്കമുള്ള കിണറാണ് കുടിവെള്ളത്തിനും മറ്റുമായി വിന്‍സെന്റും കുടുംബവും ഉപയോഗിക്കുന്നത്. ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വീട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. പഞ്ചായത്തംഗം മോളി പിയൂസിനെ കാര്യം അറിയിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്കി പഞ്ചായത്ത്് സമിതിയോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചു.
ഇതോടെ പരിസരത്തെ 70 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് രാസമാലിന്യം അപകടകരമാംവിധം കിണറ്റിലെ വെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയത്. ഒരുപാടു ഭക്തജനങ്ങള്‍ വരുന്ന തൊട്ടടുത്ത വാദ്യക്കുടം ശിവക്ഷേത്രത്തിലെയും സമീപത്തെ 65 വീടുകളിലെയും കിണര്‍ജലം കുടിവെള്ള യോഗ്യമല്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. പിന്നീട് പരിശോധന നടത്തിയപ്പോള്‍ പഞ്ചായത്തിലെ നാല് അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലായി 300ഓളം കുടുംബങ്ങളിലെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്നതായി കണ്ടെത്തി.
പിഎച്ച് മൂല്യം അഞ്ചിനു താഴെ, മാരക ലോഹങ്ങള്‍ അളവില്‍ കൂടുതലും
6.5 മുതല്‍ 8.5 പിഎച്ച് വരുന്ന വെള്ളം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവൂ. അല്ലെങ്കില്‍ അത് എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം, നെഞ്ചരിച്ചില്‍, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനരാഹിത്യം തുടങ്ങിയ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇവിടങ്ങളിലെ വെള്ളത്തിന്റെ പിഎച്ച് മൂല്യം അഞ്ചിനു താഴെയാണ്.
തെക്കേക്കര വിന്‍സെന്റിന്റെ കിണര്‍ജലം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ സിങ്ക്, മാംഗനീസ് തുടങ്ങിയ ലോഹങ്ങളും ആര്‍സനിക് എന്ന അതീവ അപകടകാരിയായ ലോഹവും അളവില്‍ കവിഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി.
അപകടകാരിയായ അമോണിയ നൈട്രേറ്റ്, സള്‍ഫേറ്റ് എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കുടിവെള്ളം യോഗ്യമല്ലെങ്കില്‍ ആ സ്ഥലം താമസയോഗ്യമല്ല എന്നാണര്‍ഥം. ഇത് മിനി എസ്റ്റേറ്റിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ബാധിക്കും. കിണറുകള്‍ മാത്രമല്ല മറ്റു ജലസ്രോതസും മലിനമായിരിക്കുകയാണ്.
പരാതികളേറെ, നടപടിയില്ല, പരസ്പരം പഴിചാരല്‍ മാത്രം
1974 ല്‍ ആരംഭിച്ച മിനി ഇന്ഡസ്ട്രിയല്എസ്റ്റേറ്റില് അടഞ്ഞു കിടക്കുന്ന ഒരെണ്ണം ഒഴികെ 13 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കീര്‍ത്തി ഇന്‍ഡസ്ട്രീസ്, ബാലാജി എന്റര്‍പ്രൈസസ്, റെയിന്‍ബോ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണ് കാട്ടൂരിലേത്. 1974ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനാണ് ഇത് ഉദ്ഘാടനം നടത്തിയത്.
കുടിവെള്ളം മലിനമായതോടെ അഞ്ചാം വാര്‍ഡ് അംഗം മോളി പീയൂസിന്റെ നേതൃത്വത്തില്‍ ജനകീയമുന്നണി രൂപീകരിച്ചു. 2024 ജൂണ്‍ മാസത്തില്‍ പഞ്ചായത്ത്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, എഡിഎം, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ഡിഎംഒ, കളക്ടര്‍, മന്ത്രി ഡോ. ആര്. ബിന്ദു, ആരോഗ്യമന്ത്രി, സിഡ്കോ ജില്ലാ വ്യവസായ കേന്ദ്രം, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും പരാതി നല്കി. പരാതി നല്കി ഒന്നരമാസം കഴിഞ്ഞിട്ടാണ് വകുപ്പുകള്‍ പരിശോധന നടത്തിയത്.
പോളിഷ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പിന്നീട് ഡിഎംഒ ഓഫീസില്‍ നിന്നും വന്നിരുന്നു. ഇവിടെനിന്ന് വെള്ളം പരിശോധനയ്ക്ക് കൊടുത്തു. ഇതിന്റെ ഫലം വന്നത് വളരെയധികം വൈകിയാണ്. പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് ആണ് വെള്ളം പരിശോധനയ്ക്കെടുത്തത്. എന്നാല്‍ നാളിതുവരെയായി കാര്യമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല പരസ്പരം പഴിചാരി ഉത്തരവാദിത്തമൊഴിയുന്ന തരത്തിലുള്ള മറുപടികളാണ് ലഭിക്കുന്നതെന്ന് സമരരംഗത്തുള്ളവര്‍ പറഞ്ഞു.
കൈകളിലെയും കാലുകളിലെയും തൊലി വിണ്ടുകീറി, കയ്യുറകള്‍ ഉപയോഗിച്ചാണ് അടുക്കളയില്‍ പണി ചെയ്യുന്നത്: സീത പുഷ്പാംഗദന് വാലത്ത് (സമീപവാസി)
കൈയും കാലും വിണ്ടുകീറി തൊലി പോയി പഴുത്തുതുടങ്ങി. കുറേ ചികിത്സകള്‍ ചെയ്തു. വെള്ളം വരികയും ചെയ്തിരുന്നു. വെള്ളത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് ചിന്തിച്ചിരുന്നില്ല. കയ്യുറകള്‍ ഉപയോഗിച്ചാണ് അടുക്കളയില്‍ പണി ചെയ്തിരുന്നത്. പിന്നീട് പറ്റാതെ വന്നപ്പോള്‍ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ക്കും കാരണം പിടികിട്ടിയില്ല. പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടു. എന്നിട്ട് ആറുമാസത്തോളം ആ മരുന്ന് കഴിച്ചിട്ടും ഫലമുണ്ടായില്ല.

പല ചികിത്സകളും നടത്തിയിട്ടും മാറാതെ വന്നപ്പോള്‍ വെള്ളം പരിശോധിച്ചപ്പോഴാണ് ഈ വെള്ളം തീരെ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന് അറിഞ്ഞത്. വെള്ളത്തിന്റെ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ തുണികള്‍ വരെ ആ വെള്ളതതില് കഴുകാന്‍ പാടില്ല എന്നാണ് അറിഞ്ഞത്. വീട്ടില്‍ കിണറുണ്ടായിട്ടും കുടിവെള്ളത്തിന് ബന്ധുവീടുകളെ പോലും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. എത്ര നാള് ഇങ്ങനെ തുടരാനാകും എന്നാണ് എന്നെ ആശങ്കയിലാക്കുന്നത്.
കമ്പനി നിര്‍മാണത്തിന് വെള്ളം നല്കിയ തനിക്ക് ഇപ്പോള്‍ കുടിവെള്ളം മുട്ടിയ സ്ഥിതി: (വിന്‍സെന്റ് തെക്കേക്കര, സമീപവാസി)
1974 ല്‍ കമ്പനി ആരംഭിച്ചിട്ട് പരിസരവാസികള്‍ക്ക് ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നല്ല രീതിയില്‍ പത്ത് വ്യവസായങ്ങള്‍ ഇവിടെ നടന്നിരുന്നു. സിഡ്കോ ഈ സ്ഥാപനം ഏറ്റെടുത്തതിനുശേഷമാണ് ഈ ദുര്ദഗതി. എന്റെ മതിലിന് മുകളിലാണ് കമ്പനിയുടെ പൈപ്പ് ഇപ്പോള്‍ ഇരിക്കുന്നത്. അതു മാറ്റാന്‍ പറഞ്ഞിട്ടുപോലും അവര്‍ സമ്മതിക്കുന്നില്ല. അതിനുപകരം അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്.

എന്റെ കിണറും കമ്പനിയുടെ ആസിഡ് പ്ലാന്റും തമ്മില്‍ 50 മീറ്റര്‍ ദൂരമേ ഉള്ളൂ. വീടും കമ്പനി കോമ്പൗണ്ടും തമ്മില്‍ രണ്ടു മീറ്റര്‍ ദൂരമേയുള്ളൂ. കമ്പനിയില്‍ തന്നെ എന്തെങ്കിലും അപകടം ഉണ്ടായാല്‍ എന്റെ കുടുംബവും നഷ്ടപ്പെടും എന്ന അവസ്ഥയാണ്. കെട്ടിട നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ഇപ്പോ്! കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്. ഞാനും എന്റെ കുടുംബവും ആറ് തലമുറകളായി ഈ വീട്ടില്‍ കഴിഞ്ഞുവരുന്നു. ഇനി ഇവിടെനിന്നും മാറി താമസിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
പരാതി പറഞ്ഞപ്പോള്‍ അധിക്ഷേപം പഞ്ചായത്തംഗം മോളി പിയൂസ് (അഞ്ചാം വാര്‍ഡ് അംഗം, സെക്രട്ടറി, ജനകീയ കുടിവെള്ള സംരക്ഷണ വേദി)
വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന അംഗം എന്ന നിലയില്‍ പഞ്ചായത്ത് കമ്മിറ്റിയെ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ നിശിതമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയുമാണ് ഉണ്ടായത്. ജനങ്ങളില്‍ അജ്ഞത സൃഷിക്കുകയാണെന്നാണ് ഇവര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണം. ഞാന്‍ ഉന്നയിച്ച വിഷയത്തെ കുറിച്ച് പഠിക്കുവാനോ പ്രശ്നം പരിഹരിക്കാനോ ഇവര്‍ തയാറായിരുന്നില്ല.

സ്ഥലം എംഎല്‍എ ആയ മന്ത്രിക്കു പരാതി നല്കിയിട്ടു പോലും നാളിതുവരെയായിട്ടും മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പു തല ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്തില്‍ വിളിച്ചിരുന്നുവെങ്കിലും സംരക്ഷണ സമിതി അംഗങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിലെ ജനങ്ങള്‍ക്കുവേണ്ടി അവസാനം വരെ നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ആദ്യം സമരരംഗത്തിറങ്ങിയത് കോണ്‍ഗ്രസ്, ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരും സി.എല്‍. ജോയ് (മുന്‍ പഞ്ചായത്തംഗം, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി)

കുടിവെള്ള വിഷയത്തില്‍ കോണ്‍ഗ്രസാണ് ആദ്യമായി സമരരംഗത്തേക്കിറങ്ങിയത്. 2024 ജൂണ്‍ 24ന് ഇന്‍ഡസ്ട്രിയല്‍ കമ്പനിക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ പ്രദേശത്തെ കുടിവെള്ളം ഗവണ്മെന്റ് കോളജിലെ ലാബില്‍ പരിശോധിക്കാനുള്ള നീക്കം നടപടികള്‍ വൈകിക്കുന്നതിന്റെ ഭാഗമായാണ് കാണുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ടാകും.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പെടുത്തും, കെ.കെ. ഷെറിന് (ബിജെപി, കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ്)

കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ തെരുവില്‍ സമരം ശക്തമാക്കാനാണ് ബിജെപി നീക്കം. സിപിഎം സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ഇത് ജനങ്ങള്‍ തിിച്ചറിയും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സമരത്തെ കുറിച്ച് വിവരങ്ങള്‍ ധരിപ്പിക്കുന്നതോടെ സമര പന്തലിലെത്തി ദുരിതമനുഭവിക്കുന്നവരെ കാണും.
ജനങ്ങള്‍ക്കൊപ്പമാണ്, ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണണം, പ്രമോദ് കാട്ടിക്കുളം, സിപിഐ കാട്ടൂര്‍ അസിസ്റ്റന്റ് സെക്രട്ടറി

ആശങ്ക മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളണം. അതിനുപകരം പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഞങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ല അതുകൊണ്ട് അങ്ങനെയുള്ള വ്യവസായ ശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നുള്ള വാദങ്ങളൊന്നും അംഗീകരിക്കില്ല. വ്യവസായശാലകള്‍ക്കെതിരെ നടപടി എടുക്കണമെന്നല്ല. ഞങ്ങളുടെ കുടിവെള്ളത്തില്‍ കലര്‍ന്ന ഈ വിഷമാരി എവിടുന്നാണ് വരുന്നതെന്ന് കണ്ടുപിടിച്ച് അതിനുള്ള പരിഹാരം കാണാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതുപോലും ചെയ്യാന്‍ തുനിയാതെ മാറിനില്‍ക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകും.
ശാശ്വതപരിഹാരം കാണും, മാലിന്യ ഉറവിടം കണ്ടെത്തിയാല്‍ കര്‍ശന നടപടിസ്വീകരിക്കും, ടി.വി. ലത (പഞ്ചായത്ത് പ്രസിഡന്റ്)

ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനും നടപടികള്‍ സ്വീകരിക്കും. മാലിന്യം കലരുന്നത് എവിടെ നിന്നാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. അതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനാല്‍ വെള്ളം, മണ്ണ് എന്നിവ പരിശോധിക്കുന്ന പടപടികള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. മാലിന്യ ഉറവിടം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നാണെങ്കില്‍ ആ നിമിഷം അടച്ചുപൂട്ടലിന് നിര്‍ദേശം നല്‍കും.
സമരത്തിന്റെ നാള്‍വഴി
- 2024 മെയ് 27ന് കിണറ്റിലെ വെള്ളം ഓറഞ്ച് നിറത്തില്‍ കാണപ്പെട്ടു
- 2024 മെയ് 28ന് പഞ്ചായത്തില്‍ പരാതി നല്കി
- 2024 ജണ്‍ 21ന് പഞ്ചായത്ത് അധികൃര്‍ പരിശോധന നടത്തി
- 2024 ജൂണ്‍ 24ന് കോണ്‍ഗ്രസ് കമ്പനിക്കു മുന്നില്‍ സമരം നടത്തി
- 2024 ജൂണ്‍ 27ന് മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും പരാതി നല്കി
- 2024 ജൂലൈ 12ന് കിണറുകളില്‍നിന്നും വെള്ളം ശേഖരിച്ച് പരിശോധന നടത്തി
- 2024 സെപ്റ്റംബര്‍ 8ന് വാദ്യക്കുടം ക്ഷേത്രത്തില്‍ ജനകീയ സമിതി രൂപീകരിച്ചു
- 2024 സെപ്റ്റബര്‍ 12ന് പഞ്ചായത്ത് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു
- 2025 ജൂലൈ 4ന് പഞ്ചായത്തില്‍ വകുപ്പുതല യോഗം
- 2025 ജൂലൈ 6ന് മനുഷ്യചങ്ങല സംഘടിപ്പിച്ചു
- 2025 ജൂലൈ 7ന് നിരാഹാര സമരം ആരംഭിച്ചു
പിന്തുണയുമായി നിരവധി രാഷ്ട്രീയ സംഘടനകളും സമുദായിക സംഘടനകളും രംഗത്തു വന്നതോടെ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകും. നിരാഹാര സമരത്തിന്റ പത്താം നാള് സമീപവാസികളെല്ലാം ചേര്‍ന്ന് ആയിരകണക്കിന് പേര് കമ്പനിക്കു മുന്നിലെ സമരപന്തലില്‍ കൂട്ടനിരാഹാരമിരിക്കും. തുടര്‍ന്ന് സമരം പഞ്ചായത്താഫീസിനു മുന്നിലേക്ക് വ്യാപിപ്പിക്കും. പ്രതിഷേധ മാര്‍ച്ച്, ഉപരോധം ഉള്‍പ്പടെയുള്ള സമരവുമായി രംഗത്തുണ്ടാകുമെന്നാണ് സമരസമിതി നേതാക്കള്‍ നല്കുന്ന സൂചന.
