ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു
പടിയൂര്‍: കൂനന്പാലംകെട്ട് കെട്ടാന്‍ വൈകിയതോടെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. അരിപ്പാലം ചിറ, വളവനങ്ങാടി മേനോന്കോള് തുടങ്ങിയ പ്രദേശങ്ങളാണ് പടിയൂര്‍, പൂമംഗലം കൃഷി ഓഫീസര്‍മാര്‍, എ.ഇ.മാര്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചത്. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കര്‍ഷക പ്രതിനിധികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അരിപ്പാലം ചിറയ്ക്ക് താഴെ കെട്ടുകെട്ടാന്‍ പടിയൂര്‍ പഞ്ചായത്ത് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വെള്ളം കയറിനില്‍ക്കുന്ന സാഹചര്യത്തില്‍ കെട്ടുകെട്ടിയാല്‍ അത് പിന്നീട് പൊട്ടിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വെള്ളം ഇറങ്ങിപ്പോകാന്‍ താത്കാലികമായി കെട്ടുചിറ ഷട്ടര്‍ തുറന്നുവെച്ചിരിക്കുകയാണ്. വെള്ളം താഴ്ന്നശേഷം മാത്രം കെട്ട് കെട്ടിയാല്‍ മതിയെന്ന നിലപാടിലാണ് കര്‍ഷകര്‍. സമയത്തിന് കൂനന്പാലം കെട്ട് കെട്ടാതിരുന്നതിനാലാണ് പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍പ്പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയത്. ശക്തമായ വേലിയേറ്റമാണ് ഉപ്പുവെള്ളം പെട്ടെന്ന് പാടശേഖരങ്ങളിലെത്താന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. സമയത്തിന് കെട്ടിയിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നെന്നും കര്‍ഷകര്‍ പറഞ്ഞു. കെ.എല്‍.ഡി.സി. കനാലില്‍നിന്ന് കോച്ചന്തോട് വഴി ഷണ്മുഖം കനാലിലേക്ക് വെള്ളമെത്തിച്ച് അവുണ്ടര് ചാലിന് സമീപത്തെ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ആ വെള്ളം ഒരു കിലോമീറ്ററോളം തോട്ടില്‍ തങ്ങിനില്ക്കുന്ന ചണ്ടിയും മറ്റും നീക്കി പടിയൂര്‍, അരിപ്പാലം ഭാഗത്തേയ്ക്ക് എത്തിച്ചാല്‍ ഈ വര്‍ഷം തന്നെ ഈ പ്രദേശത്തെ പാടശേഖരങ്ങളില്‍ കൃഷിയിറക്കാനാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.