ഐഎംഐടി സൗജന്യ പരിശീലന പദ്ധതിക്കു തുടക്കം
ഇരിങ്ങാലക്കുട: പ്രായോഗിക പരിജ്ഞാനമുള്ള സാങ്കേതിക വിദഗ്ദരുടെ ദൗര്‍ലഭ്യം ഉള്‍കൊണ്ടു കൊണ്ടു ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദഗ്ദരെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോഡിഫൈന് എന്ന കോഡിംഗ് പരിശീലന പദ്ധതി ഐഎംഐടിയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു. ഐഎംഐടി ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സെന്റര്‍ ഹാളിലാണു 10 ആഴ്ച നീണ്ടു നില്ക്കുന്ന സൗജന്യ പരിശീലനം നടക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഓപ്പണ്‍ ടോപ്പ് എന്ന കമ്പനിയുടെ സിഇഒ ആയ സെന്തില്‍ നാഥനാണു പരിശീലനം നയിക്കുന്നത്. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജുമായി കൈകോര്‍ത്തു കൊണ്ടാണു ഈ പദ്ധതി ഐഎംഐടി അവതരിപ്പിക്കുന്നത്. ഐഎംഐടി ചീഫ് ടെക്നോളജി ഓഫീസര്‍ ജീസ് ലാസര്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ഐഎംഐടി വൈസ് ചെയര്മാന് ടി.വി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. ഐഎസ്ഡബ്ല്യുസിഎസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വര്‍ഗീസ് പുത്തനങ്ങാടി, കൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ വി.ഡി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.