കോണ്‍ഗ്രസ് തട്ടകത്തില്‍ മുന്‍ വൈസ് ചെയര്മാന് റിബല്‍ സ്ഥാനാര്‍ഥി, ബസ് സ്റ്റാന്‍ഡ് വാര്‍ഡ് നിര്‍ണായകം
ഇരിങ്ങാലക്കുട: നഗരഹൃദയമായ ഇരിങ്ങാലക്കുട നഗരസഭയിലെ 24-ാം നമ്പര്‍ ബസ് സ്റ്റാന്‍ഡ് വാര്‍ഡ് ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതു യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ്. 2015 ല്‍ 21 വോട്ടിനു യുഡിഎഫ് വിജയിച്ച വാര്‍ഡില്‍ 2005-10 കാലയളവിലെ മുന്‍ വൈസ് ചെയര്‍മാനും ഭരണകക്ഷി കൗണ്‍സിലറുമായ സതീഷ് പുളിയത്ത് മത്സര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നതാണു ബസ് സ്റ്റാന്‍ഡ് വാര്‍ഡ് പിടിക്കാനുള്ള പോരാട്ടത്തിനു പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുന്നത്. 1200 വോട്ടര്‍മാരുള്ള ബസ് സ്റ്റാന്‍ഡ് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി, ശാന്തി നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടൗണ്‍ മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാനെയാണു വാര്‍ഡ് നിലനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം നിയോഗിച്ചിട്ടുള്ളത്. ബസ് സ്റ്റാന്‍ഡ് വികസന പൂര്‍ത്തീകരണം, കല്ലേരിത്തോട് സംരക്ഷണം ഉള്‍പ്പെടയുള്ള പദ്ധതികളാണു സിജു യോഹന്നാന് വോട്ടര്‍മാര്‍ക്കു മുമ്പില്‍ വയ്ക്കുന്നത്. വിമത സ്ഥാനാര്‍ഥിയായുള്ള സാന്നിധ്യം തന്റെ ജയത്തിനു തടസമാകില്ലെന്നും സിജു യോഹന്നാന് ഉറപ്പിച്ചു പറയുന്നു. തുടര്‍ച്ചയായി നാലാം തവണയാണു ഈ വാര്‍ഡിനെ യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡ് വികസനവും ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള കംഫര്‍ട്ട് സ്റ്റേഷന് പോലുള്ള സാമൂഹ്യപരമായ അടിസ്ഥാന സൗകര്യങ്ങളും കല്ലേരിത്തോട് കരിങ്കല്‍ കെട്ടി സംരക്ഷണവുമാണു ലക്ഷ്യം വക്കുന്നതെന്നും തുടര്‍ന്നുള്ള വികസനത്തിനു തന്റേതായ എല്ലാ രീതിയിലും പ്രവര്‍ത്തനം കാഴ്ച വെക്കുമെന്നും സിജു പറഞ്ഞു. നഗരത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ കെ.ജി. അജയകുമാറിനെയാണു ബസ് സ്റ്റാന്‍ഡ് വാര്‍ഡ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനം യാഥാര്‍ഥ്യമാക്കാനും ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്, ഷീ ടോയ്ലറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമാക്കാനും പരിശ്രമിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമാക്കുന്നു. 2015 ലെ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്തെത്തിയ രാധ സുന്ദരനെ തന്നെയാണു ബിജെപി സ്ഥാനാര്‍ഥിയായി ഇത്തവണ അവതരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാനും വാര്‍ഡിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നു ഉറപ്പു വരുത്താനും പരിശ്രമിക്കുമെന്നും ഇത്തവണ ജയം ഉറപ്പാണെന്നും രാധ സുന്ദരന്‍ പറയുന്നു. 2005-10 കാലയളവില്‍ ബസ് സ്റ്റാന്‍ഡ് വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട് വൈസ് ചെയര്മാന് സ്ഥാനം വഹിച്ച സതീഷ് പുളിയത്ത് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. ബസ് സ്റ്റാന്‍ഡ് വികസനം, കംഫര്‍ട്ട് സ്റ്റേഷന് വികസനം എന്നിവ നടത്തുമെന്നും സതീഷ് വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡ് വാര്‍ഡില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു വിജയസാരഥിയാകാന് സമാനതകളില്ലാത്ത പോരാട്ടം തന്നെയാണ് 24-ാം വാര്‍ഡില്‍ അരങ്ങേറുന്നത്. രാഷ്ട്രീയത്തോടൊപ്പം സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ മികവുകളും തെരഞ്ഞെടുപ്പുതലത്തില് നിര്‍ണായകമാകും എന്നു തന്നെയാണ് സൂചന.