സന്യസ്തർക്ക് റേഷന്‍ കാര്‍ഡ് നിഷേധിക്കരുത്: നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ്
ഇരിങ്ങാലക്കുട: വോട്ടവകാശമുള്ള ഇന്ത്യന്‍ പൗരന്മാരായിരുന്നിട്ടും സന്യസ്തര്‍ക്കു റേഷന്‍ കാര്‍ഡും വാര്‍ധക്യ പെന്‍ഷനും നിഷേധിക്കുന്നത് സന്യസ്തരെ രണ്ടാംകിട പൗരന്മാരായി തരം തിരിയ്ക്കുന്നതിനു തുല്യമാണെന്നു നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ്. നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ് പിന്തുണയോടെ തൃശൂര്‍ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ തുമ്പൂര്‍ വെസ്റ്റില്‍ മത്സരിക്കുന്ന ജനകീയ കര്‍ഷക സ്വതന്ത്ര സ്ഥാനാര്‍ഥി വിദ്യ ടീച്ചറുടെ ഏവര്‍ക്കും റേഷന്‍ കാര്‍ഡ് എന്ന പ്രകടനപത്രികയുമായി സന്യസ്തരെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്കു മരണത്തിനു മുമ്പ് എന്നെങ്കിലും റേഷന്‍ കാര്‍ഡ് ലഭിയ്ക്കുമോ എന്ന ചോദ്യമുയര്‍ന്ന സാഹചര്യത്തിലാണു നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ് ഈ വിഷയം ഏറ്റെടുത്ത് പരിഹാരം കണ്ടെത്തും വരെ നിയമ പോരാട്ടങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്. വിവിധ സന്യസ്ത മഠങ്ങളിലും കൃഷി ഓഫീസിലും സപ്ലൈ ഓഫീസിലും നടത്തിയ അന്വേഷണത്തില്‍ സന്യസ്തരുടെ പ്രതിഷേധം ന്യായമെന്നു ബോധ്യപ്പെട്ടു. എന്ത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു സന്യസ്തരുടെ റേഷന്‍ കാര്‍ഡ് നിഷേധിയ്ക്കുന്നത് എന്നതു ഒരു ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നില്ല. റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ മുഖേനയുള്ള സന്യസ്തരുടെ അപേക്ഷകള്‍ മാത്രം കാരണമറിയിക്കാതെ തിരസ്കരിക്കപ്പെടുന്നു. സമൂഹത്തിനു സേവനം ചെയ്യുവാന്‍ ജീവിതം ഉഴിഞ്ഞു വച്ച സന്യസ്തര്‍ അവഹേളിക്കപ്പെടുകയാണ്. 2014 വരെ റേഷന്‍ പെര്‍മിറ്റ് എന്നൊരു രീതി ചില ക്രിസ്ത്യന്‍ സന്യാസിനി മഠങ്ങള്ക്കു ലഭ്യമായിരുന്നു. ആറു വര്‍ഷത്തോളമായി അതും ലഭ്യമല്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ കൃഷി ചെയ്യുന്ന സന്യസ്തര്‍ക്കുള്ള കാര്‍ഷിക ആനുകൂല്യങ്ങളും 60 വയസ് കഴിഞ്ഞ ഏവര്‍ക്കും ലഭ്യമാകുന്ന വാര്‍ധക്യ പെന്‍ഷനും നിഷേധിക്കപ്പെടുന്നു. കേരളത്തിലെ വോട്ടവകാശമുള്ള ഇന്ത്യന്‍ പൗരന്മാര്ക്കിടയിലുള്ള ഇരട്ട നീതിയും കടുത്ത മനുഷ്യാവകാശ ലംഘനവുമായതിനാല് ആദ്യപടിയായി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും അദ്ദേഹം പരാതി നല്കി. ഒരു മാസത്തിനകം സര്‍ക്കാര്‍ നയം തിരുത്താന്‍ തയാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിയ്ക്കുമെന്നു നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ് ദേശീയ പ്രസിഡന്റ് വാക്സറിന്‍ പെരെപ്പാടന്‍ അറിയിച്ചു.