പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം- പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: കൊരുമ്പിശേരി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാല്‍ മകന് സുജിത്ത് (26) എന്നയാളെ മാരകമായി പരിക്കേല്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി പടിയൂര്‍ വില്ലേജില്‍ പത്താഴക്കാട്ടില്‍ വീട്ടില്‍ മിഥുനെ (34) ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജനുവരി 28 നാണ് സംഭവം. അന്നേദിവസം വൈകീട്ട് 5.45 നു ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണു കേസിനാസ്പദമായ സംഭവം നടന്നത്. സുജിത്തിന്റെ മാതൃസഹോദരിയുടെ മകളെ മിഥുന് നിരന്തരം പുറകെ നടന്നു ശല്യം ചെയ്യുന്നതു സുജിത്ത് ചോദിച്ചതിലുള്ള വിരോധത്താല്‍ മിഥുന് തടഞ്ഞു നിര്‍ത്തി ഓട്ടോറിക്ഷയില്‍ കരുതിയിരുന്ന ഇരുമ്പു പൈപ്പെടുത്ത് സുജിത്തിന്റെ തലയില്‍ ഇടതു ചെവിക്ക് പുറകുവശത്ത് മാരകമായി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കു പറ്റിയ സുജിത്തിനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ 2018 ജനുവരി 31 നാണു സുജിത്ത് മരിച്ചത്. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എസ്. സുശാന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.കെ. സുരേഷ്കുമാറാണു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മിഥുന്റെ ജാമ്യം റദ്ദു ചെയ്യുകയും വേഗത്തില്‍ വിചാരണ നടത്തുകയും ചെയ്യുകയായിരുന്നു. മിഥുനെ കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ സഹായിച്ചു എന്നതിന്റെ പേരില്‍ പ്രതി ചേര്‍ത്തിരുന്ന രണ്ടാം പ്രതിയെ വെറുതെ വിട്ടു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 49 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 304 (2) വകുപ്പു പ്രകാരം 10 വര്‍ഷം കഠിനതടവിനും 1,00,000 രൂപ പിഴയടയ്ക്കാനും 324 വകുപ്പു പ്രകാരം രണ്ടു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടയ്ക്കാനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി വെവ്വേറെ അനുഭവിക്കേണ്ടതുണ്ട്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടതും പിഴത്തുകയില്‍ നിന്നും 1,00,000 രൂപ മരണപ്പെട്ട സുജിത്തിന്റെ മാതാപിതാക്കള്‍ക്കു നല്‍കാനും കൂടുതല്‍ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണു കോടതി പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, അര്ജുന് രവി എന്നിവര്‍ ഹാജരായി.