ഇഞ്ചോടിഞ്ച് പോരാടി സ്ഥാനാർഥികൾ…പ്രചാരണം കൊടിയിറങ്ങി…..ഇനി ബൂത്തിൽ….!
ഇരിങ്ങാലക്കുട: തെരഞ്ഞടുപ്പ് പ്രചരണങ്ങളും കോലാഹലങ്ങളും തീർന്നു. ഇനി ഏവരും നാളെ പോളിംഗ് ബൂത്തിലേക്ക്. നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാർഥികളും പാർട്ടികളും അട്ടിമറി വിജയത്തിന്റെ കണക്കുകൂട്ടലുകളുമായി രംഗത്ത്. എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും ഒരു പോലെ അടിയൊഴുക്കുകൾക്കു സാധ്യതയുള്ള തെരഞ്ഞെടുപ്പാണിത്. നാടിന്റെയും നാട്ടുക്കാരുടെയും മനസറിഞ്ഞു ഭരണം പിടിക്കുവാനുള്ള തയാറെടുപ്പിലാണു സർവ സന്നാഹവുമായി മുന്നണികൾ.
നഗരസഭ
കോൺഗ്രസ് കോട്ട തകർത്ത് ഇക്കുറി ഇരിങ്ങാലക്കുട നഗരസഭയിൽ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണു ഇടതുമുന്നണി നേതൃത്വം. എന്നാൽ കാലങ്ങളായുള്ള തങ്ങളുടെ കോട്ടകളിൽ യാതൊരു വിള്ളലുപോലും ഉണ്ടാക്കാൻ സാധിക്കില്ലന്നെ ദൃഢനിശ്ചയത്തോടെയാണു കോൺഗ്രസ് നേതൃത്വം. 20 വർഷമായി നഗരസഭ ഭരിക്കുന്നതു യുഡിഎഫ് ആണ്. 2015 ൽ യുഡിഎഫും എൽഡിഎഫും 19 സീറ്റ് വീതം നേടിയപ്പോൾ ബിജെപിക്കു മൂന്നു സീറ്റാണു ലഭിച്ചത്. എന്നാൽ വോട്ടിംഗിൽ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെ ചെയർമാൻ സ്ഥാനവും നറുക്കെടുപ്പിലൂടെ വൈസ് ചെയർമാൻ സ്ഥാനവും യുഡിഎഫിനു ലഭിച്ചു. വിമത ശല്യമാണ് നഗരസഭയിൽ യുഡിഎഫിന്റെ വിജയത്തിനു തലവേദന സൃഷ്ടിക്കുന്നത്. മുൻ നഗരസഭാ ചെയർപേഴ്സൺ ബെൻസി ഡേവിഡ്, മുൻ നഗരസഭാ വൈസ് ചെയർമാൻ സതീഷ് പുളിയത്ത്, മുൻ കൗൺസിലർ വാഹിദ ഇസ്മയിൽ, കോൺഗ്രസുമായി പ്രവർത്തിച്ചിരുന്ന രമേശ് പള്ളിച്ചാടത്ത്, ലിഷോൺ കാട്ടഌ കൊച്ചുത്രേസ്യ ജേക്കബ്, വർഗീസ് എക്കാടൻ എന്നിവരാണു കോൺഗ്രസിലെ സ്ഥാനാർഥികൾക്കു വിമതരായി നിന്നു സൗഹൃദമൽസരം നടത്തുന്നത്.
മുരിയാട്
ഇടതുമുന്നണിയെയും കോൺഗ്രസിനെയും മാറി മാറി സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണു മുരിയാട് പഞ്ചായത്തിനുള്ളത്. കഴിഞ്ഞ രണ്ടു തവണകളായി ഇടതു മുന്നണിക്കായിരുന്നു ഭരണം. അംഗ ഭരണസമിതിയിൽ ഒമ്പതു എൽഡിഎഫ് അംഗങ്ങളും ഏഴു കോൺഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണു നിലവിലുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റിലാണു ബിജെപിക്കു കഴിഞ്ഞതെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയം നേടി കരുത്തു തെളിയിക്കുവാനാണു ബിജെപിയുടെ നീക്കം. എൽഡിഎഫിൽ നിന്നും തിരിച്ചുപിടിക്കാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങൾ കരുതുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തി വിജയം ഉറപ്പിക്കാമെന്നാണു ഇടതു മുന്നണിയുടെ വിലയിരുത്തൽ.
പൂമംഗലം
നിയോജകമണ്ഡലത്തിലെ ഏറ്റവും ചെറിയ പഞ്ചായത്താണ് 13 വാർഡുകളുള്ള പൂമംഗലം. ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും വികസന നേട്ടങ്ങളുമായി ഭരണം നിലനിർത്താൻ എൽഡിഎഫും കരുത്തു തെളിയിക്കുവാൻ ബിജെപിയും രംഗത്തുണ്ട്. കഴിഞ്ഞ ഭരണ സമിതിയിൽ എൽഡിഎഫ് ഒമ്പത്, യുഡിഎഫ് നാലു എന്നിങ്ങനെയാണു കക്ഷിനില. സിപിഎം സിപിഐ തർക്കങ്ങൾ പരിഹിക്കപ്പെടാത്തതിനാൽ അഞ്ചു വാർഡുകളിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. പഞ്ചായത്തിലെ 13 വാർഡുകളിൽ ഒന്നു മുതൽ മൂന്നു വരെയുള്ള വാർഡുകളിലും 12, 13 വാർഡുകളിലുമാണു സിപിഐ സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഈ മൽസരം ഇടതു മുന്നണിയുടെ വിജയ സാധ്യതയ്ക്കു മങ്ങലേൽപ്പിച്ചിട്ടുണ്ട്. ദശകങ്ങൾ നീണ്ട തുടർച്ചയായ ഭരണത്തിലൂടെ സൃഷ്ടിച്ചെടുത്ത ജനസംതൃപ്തിയും വികസനങ്ങളുടെ നീണ്ട പട്ടികയും നിരത്തുമ്പോൾ ഇത്തവണയും പൂമംഗലം പഞ്ചായത്ത് എൽഡിഎഫിനു എന്നു പറയുമ്പോഴും ഇടതിന്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. വ്യക്തമായ സീറ്റുകൾ നേടുമെന്നു ബിജെപിയും ഉറപ്പിച്ചു പറയുന്നു.
കാട്ടൂർ
യുഡിഎഫും എൽഡിഎഫും എൻഡിഎയും നേരിട്ടുള്ള പോരാട്ടമാണ് കാട്ടൂരിലുള്ളത്. ഏറ്റവും കൂടുതൽ തവണ കോൺഗ്രസിനായിരുന്നു ഭരണമെങ്കിലും കഴിഞ്ഞ നാലു തവണയായി ഭരണം നടത്തുന്നതു ഇടതുമുന്നണിയാണ്. 14 വാർഡുകളിലായി കഴിഞ്ഞ തവണ എട്ടു വാർഡുകളിൽ എൽഡിഎഫും ആറു വാർഡുകളിൽ യുഡിഎഫും വിജയിച്ചിരുന്നു. ഭരണം തിരിച്ചു പിടിക്കാനായി യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും കരുത്തു തെളിയിക്കുവാൻ ബിജെപിയും സജീവമായി രംഗത്തുണ്ട്. ഇടതുപക്ഷത്തിനെതിരെയുള്ള ജനവികാരവും വോട്ടാക്കി മാറ്റി ഭരണത്തിലെത്താമെന്നാണു യുഡിഎഫ് വിലയിരുത്തുമ്പോൾ സ്വാധീന മേഖയിൽ മികച്ച പ്രകടനത്തിലൂടെ അക്കൗണ്ട് തുറക്കാനാണു ബിജെപിയുടെ ശ്രമം. വികസന നേട്ടങ്ങൾ തുറന്നു കാട്ടി ഭരണം നിലനിർത്താനാണു എൽഡിഎഫിന്റെ ശ്രമം.
വേളൂക്കര
ഭരണ തുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെങ്കിൽ ഭരണം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. 18 അംഗ ഭരണ സമിതിയിൽ 10 എൽഡിഎഫും ഏഴു യുഡിഎഫും ഒരു സ്വതന്ത്രയുമാണു കഴിഞ്ഞ തവണ വിജയിച്ചത്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണു ഇത്തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ വികസന മുരടിപ്പാണു കോൺഗ്രസും ബിജെപിയും ഭരണത്തിനെതിരെ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ബ്ലോക്ക് അംഗം ഇത്തവണ ഇടതു മുന്നണി സ്ഥാനാർഥിയായതു ഏറെ ചർച്ചയായിട്ടുണ്ട്.
പടിയൂർ
ശക്തമായ ത്രികോണ മൽസരമാണ് പടിയൂരിലുള്ളത്. ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ ഭരണം നിലനിർത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. ഭരണം നേടുക എന്ന ലക്ഷ്യം തന്നെയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തവണ പഞ്ചായത്തിലെ 14 വാർഡുകളിൽ 10 വാർഡുകളിൽ ഇടതു മുന്നണിയും നാലു വാർഡുകളിൽ കോൺഗ്രസും രണ്ടു വാർഡുകളിൽ ബിജെപിയും വിജയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ ബിജെപിക്കുണ്ടായ വോട്ടു വർധനവ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപി.
കാറളം
ദശകങ്ങൾ നീണ്ട തുടർച്ചയായ ഭരണത്തിലൂടെ സൃഷ്ടിച്ചെടുത്ത ജനസംതൃപ്തിയും വികസനങ്ങളുടെ നീണ്ട പട്ടികയും നിരത്തുമ്പോൾ ഇത്തവണയും കാറളം പഞ്ചായത്ത് എൽഡിഎഫിനു എന്നു പറയുമ്പോഴും അട്ടിമറി വിജയം നടക്കുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസും ബിജെപിയും. 1977 ൽ രൂപീകൃതമായ പഞ്ചായത്തിൽ 1987 മുതൽ ഇടതുഭരണമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ 91 വോട്ടിന്റെ മുൻതൂക്കമാണു ബിജെപിക്കു ഉണ്ടായിരുന്നത്. ഇതു ബിജെപിക്കു ഏറെ വിജയ പ്രതീക്ഷ നൽകുന്നതാണ്.