കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അതു നമ്മള് തിരിച്ചറിയേണ്ടതുണ്ടെന്നും അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ബിഷപ് പറഞ്ഞു. ഇരിങ്ങാലക്കുട ലിറ്റര്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജാഗ്രതാ നിര്‍ദേശങ്ങളും പാലിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായിട്ടുള്ള പ്രശ്നങ്ങളാണു കൂടുതല്‍ ഉന്നയിക്കാറുള്ളതെന്നും അതുകൊണ്ടുതന്നെ ജനനന്മ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവര്‍ ജയിക്കണമെന്നാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടെന്നും ബിഷപ് പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന് ടൊവിനോ തോമസ്
കര്‍ഷകര്‍ ഇല്ലെങ്കില്‍ അന്നം മുടങ്ങുമെന്നു വ്യക്തമാണെന്നു ഗേള്‍സ് സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ടൊവിനോ മാധ്യമങ്ങളോടു പറഞ്ഞു. ജനാധിപത്യം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും ടൊവിനോ സൂചിപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം രാവിലെ 6.45 നു തന്നെ ടൊവിനോ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു. വോട്ടു ചെയ്ത ശേഷം ഷൂട്ടിംഗിനായി എറണാക്കുളത്തേക്കു തിരിച്ചു.
ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം- മുന്‍ എംപി ടി.വി. ഇന്നസെന്റ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു അനുകൂലമായ സാഹചര്യമാണു ഉള്ളതെന്നു മുന്‍ എംപി ടി.വി. ഇന്നസെന്റ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സെന്റ് മേരീസ് സ്കൂളിലെ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു വസ്തുതകളെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ കൂടുതല്‍ വീറും വാശിയും പ്രകടമാണെന്നു താന്‍ തെരഞ്ഞെടുപ്പ് നേരിട്ട സന്ദര്‍ഭം ഓര്‍ത്തെടുത്ത് ഇന്നസെന്റ് പറഞ്ഞു. സ്ത്രീകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കൗണ്സിലറായപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പാര്‍ട്ടി അംഗങ്ങളുമെല്ലാം ഒരുപാട് ശക്തിപ്രാപിച്ചുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സ്ഥാനാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നല്ലതുപോലെയുണ്ടെന്നും സ്ത്രീ സാന്നിധ്യം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.