ഇരിങ്ങാലക്കുട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കനത്ത പോളിംഗ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കനത്ത പോളിംഗ്. രാവിലെ ഏഴു മുതല്‍ തന്നെ ബൂത്തുകളില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു. ബിഷപ്പും ജനപ്രതിനിധികളും രാവിലെ തന്നെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ ഫഌവര്‍ സ്കൂളിലും മുന്‍ എംപിയും ചലചിത്രതാരവുമായ ഇന്നസെന്റ് സെന്റ് മേരീസ് ഹൈസ്കൂളിലും മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ക്രൈസ്റ്റ് കോളജിലും ചലച്ചിത്ര താരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളിലും വോട്ടു രേഖപ്പെടുത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് തപാല്‍ വോട്ട് ചെയ്തു. പ്രേമം സിനിമയിലെ നായിക അനുപമ പരമേശ്വരനു ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കായതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാലിയേക്കര, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, രൂപത അസിസ്റ്റന്റ് ചാന്‍സിലര്‍ ഫാ. കിരണ്‍ തട്ടഌ മുന്‍ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവരോടൊപ്പമാണു ബിഷപ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ചലച്ചിത്ര താരം ഇന്നസെന്റ് ഭാര്യ ആലീസ്, മകന് സോണറ്റ്, മരുമകള്‍ രശ്മി എന്നിവരോടൊപ്പമാണു വോട്ട് രേഖപ്പെടുത്താനെത്തിയത്.