ഇനി വേണ്ടാ ഈ അഭ്യാസം, രണ്ടാം പ്ലാറ്റ്ഫോമും ഉയരം കൂട്ടുന്നു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ദുരിതത്തിനു പരിഹാരം
ആളൂര്‍: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കു ഇനി പഴയ പരാതിയില്ല. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടിയതോടെ എറണാക്കുളം ഭാഗത്തേക്കു പോകുന്നവര്‍ക്ക് ഇനി പ്രയാസം കൂടാതെ തീവണ്ടിയില്‍ കയറാം. മുമ്പുണ്ടായിരുന്ന ഉയരം കുറഞ്ഞ പ്ലാറ്റ് ഫോം പൊളിച്ചുനീക്കി മണ്ണിട്ടുയര്‍ത്തിയാണ് രണ്ടാം പ്ലാറ്റ് ഫോം ഉയരംകൂട്ടി നിര്‍മിച്ചത്. മുമ്പ് മീഡിയം ലെവല്‍ പ്ലാറ്റ് ഫോം ആയിരുന്നു ഉണ്ടായിരുന്നത്. ഉയരം കുറഞ്ഞ പ്ലാറ്റ് ഫോമില്‍ നിന്നു തീവണ്ടിയില്‍ കയറാന്‍ പ്രയാസപ്പെടുന്നവരുടെ ദുരിതമായിരുന്നു ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ പ്രധാന സ്റ്റേഷന്റെ പോരായ്മ. കുട്ടികളും വിദ്യാര്‍ഥികളും പ്രായമായവരും തീവണ്ടിയില്‍ കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ടു നേരിട്ടിരുന്നു. അരയ്ക്കൊപ്പം ഉയരമുള്ള ബോഗിയിലേക്കു വലിഞ്ഞു കയറണമെങ്കില്‍ ചില്ലറ അഭ്യാസമല്ല വേണ്ടിയിരുന്നത്. ഈ സ്റ്റേഷനില്‍ തീവണ്ടികള്‍ക്കു അധികനേരം സ്റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ കയറാനും ഇറങ്ങാനും തിരക്കു കൂട്ടും. ഇത് പലപ്പോഴും വയോധികര്‍ക്കും അംഗപരിമിതര്‍ക്കും ഭീഷണിയായിരുന്നു. പ്ലാറ്റ് ഫോം ഉയരം കൂട്ടണമെന്ന ആവശ്യം പരിഗണിച്ച് ഒന്നാം പ്ലാറ്റ് ഫോം ഉയരം കൂട്ടിയെങ്കിലും രണ്ടാം പ്ലാറ്റ് ഫോം പഴയപടിയായിരുന്നു. റെയില്‍ പാളത്തില്‍ നിന്നു 84 സെ.മീ. ഉയരത്തിലാണു പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടിയത്. ഇതോടെ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളും ഹൈലെവല്‍ പ്ലാറ്റ്ഫോമുകളായി. 24 ബോഗികള്‍ക്കു നിര്ത്തിയിടാവുന്നവിധം പ്ലാറ്റ് ഫോമിന്റെ നീളവും വര്‍ധിപ്പിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ചു നടത്തുന്ന ജോലി അവസാനഘട്ടത്തിലാണ്. നവീകരിച്ച പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങളും ഒരുക്കുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.