ജനപ്രതിനിധികള്‍ ധാര്‍മിക വിശുദ്ധിയുടെ പതാക വാഹകരാകുന്നു: പ്രഫ. കെ.യു. അരുണന് എംഎല്‍എ
പുല്ലൂര്‍: ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളുടെ ദാസന്മാരും ധാര്‍മിക വിശുദ്ധി എന്നും കാത്തു സൂക്ഷിക്കുന്നവരും ആകണമെന്നു പ്രഫ. കെ.യു. അരുണന് എംഎല്‍എ പ്രസ്താവിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉള്ളതല്ല ജനങ്ങളെ സേവിക്കാനും ജനങ്ങളോടു വിധേയപ്പെട്ടു പ്രവര്‍ത്തിക്കാനും ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനപ്രക്രിയയില്‍ കക്ഷി രാഷ്ട്രീയത്തിനു അതീതമായിട്ടുള്ള കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാന്‍ ജനപ്രതിനിധികളാണു മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാ ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി വരിക്കശേരി, വിപിന്‍ വിനോദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. പ്രശാന്ത്, നിഖിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, തോമസ് തൊകലത്ത്, ഷീല ജയരാജ്, മണി സജയന്, കൗണ്‍സിലര്‍മാരായ ജസ്റ്റിന് ജോണ്‍, ജോസ് ചാക്കോള, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജു ലാസര്‍ എന്നിവര്‍ ആദരവുകള്‍ ഏറ്റുവാങ്ങി. പുല്ലൂര്‍ സര്‍വീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങളായ പി.വി. രാകേഷ്, ഐ.എന്‍. രവീന്ദ്രന്, രാധാ സുബ്രന്, സുജാത മുരളി, ടി.കെ. ശശി, തോമസ് കാട്ടൂക്കാരന്‍, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.