ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിനു 175 വയസ്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിനു 175 വയസ്. 1846 ജനുവരി അഞ്ചിനാണു ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ഇടവക ദേവാലയം പണി കഴിക്കപ്പെട്ടത്. ഈ വര്‍ഷം ഈ ദേവാലയത്തിനു 175 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എട്ടാം നൂറ്റാണ്ടിനു മുമ്പു തന്നെ ഇരിങ്ങാലക്കുടയില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു എന്നതിനു വളരെയധികം തെളിവുകളുണ്ട്. 1790 മുതല്‍ 1805 വരെയായിരുന്നു ശക്തന് തമ്പുരാന്റെ ഭരണകാലം. അന്ന് തൃശിവപേരൂരില് നിന്നും കുറച്ച് നസ്രാണികളെ ഇരിങ്ങാലക്കുടയിലേക്കു കച്ചവടത്തിനായി ശക്തന് തമ്പുരാന് കൊണ്ടുവന്നിരുന്നു എന്ന് ചരിത്രം പറയുന്നു. ഇത്രയും പാരമ്പര്യമുള്ള ഇരിങ്ങാലക്കുട കത്തോലിക്കര്‍ക്കു അന്ന് സ്വന്തമായി ഒരു ദേവാലയം ഉണ്ടായിരുന്നില്ല. 1845 ല്‍ അന്നത്തെ ബ്രിട്ടീഷ് റസിഡന്റായിരുന്ന മേജര്‍ ജനറല്‍ കല്ലന് സായിപ്പ് ആണ് പള്ളി പണിയുന്നതിനുള്ള സ്ഥലം അനുവദിച്ചത്. ഇരിങ്ങാലക്കുട, വരാപ്പുഴ മെത്രാപ്പൊലിത്തായുടെ കീഴിലായിരുന്നതിനാല്‍ അദ്ദേഹവും പള്ളി പണിയുന്നതിനു അനുമതി നല്കി. 1846 ല്‍ ആദ്യത്തെ പള്ളി ഉയര്‍ന്നു. ഓലയും മുളയുംകൊണ്ട് നിര്‍മിച്ച ആദ്യത്തെ പള്ളിയുടെ തറ ചാണകം മെഴുകിയതായിരുന്നു. 1860 ലാണ് മണ്‍ചുമരും ഓലമേഞ്ഞും മരക്കൂട്ടുമായ വിശാലമായ ദേവാലയം പണിതുയര്‍ത്തിയത്. 1885 ലാണ് അന്ന് ലഭ്യമായിരുന്ന സാങ്കേതിക വിദ്യാകളും ശില്പകലാ സൗന്ദര്യവുമുള്ള ദേവാലയത്തിന്റെ പണി തുടങ്ങിയത്. 1897 ല്‍ നടപ്പുരയും 1956 ല്‍ മനോഹരമായ ഇപ്പോഴത്തെ അള്‍ത്താരയും പണിതീര്‍ത്തു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി എന്ന പേരിലറിയപ്പെടുന്ന ഈ ദേവാലയം ഇന്ന് ഇരിങ്ങാലക്കുട രൂപതയുടെ സിരാകേന്ദ്രമായ സെന്റ് തോമസ് കത്തീഡ്രല്‍ എന്ന പദവിയില്‍ എത്തി നില്ക്കുന്നു. പലപ്പോഴായി വിവിധങ്ങളായ കൂട്ടിചേര്ക്കലുുകളും രൂപഭംഗിയില്‍ മാറ്റം വരുത്തലുകളും നടത്തിയ ഈ ദേവാലയം കേരളത്തിലെ കത്തോലിക്ക ദേവാലയങ്ങളില്‍ ഏറ്റവും മനോഹരമായ ദേവാലയങ്ങളില്‍ ഒന്നായി ഇന്നും വിരാജിക്കുന്നു.