ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപെരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപെരുന്നാളിനു കൊടിയേറി. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. റീസ് വടാശേരി, സ്റ്റേണ് കൊടിയന്‍, ആല്ബിന് പുന്നേലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് വൈകീട്ട് 7.30 നു കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കും. തുടര്‍ന്ന് മതസൗഹാര്‍ദ കൂട്ടായ്മ നടക്കും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 ലക്ഷം രൂപ 1000 സൗജന്യ ഡയാലിസിസിനും, സൗജന്യ മുറി പാലിയേറ്റീവ് കെയറിനും
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന് കൊടികയറി. 9, 10, 11 തീയതികളിലാണ് പിണ്ടിപെരുന്നാള് ആഘോഷിക്കുന്നത്. തിരുനാളിനൊരുക്കമായി ഈ മാസം ഒന്നു മുതല്‍ വൈകീട്ട് അഞ്ചിനു നവനാള്‍ ദിവ്യബലിയും 6.30 നു ദിവ്യബലിയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച്ചയും ആരംഭിച്ചു. എട്ടിനു രാത്രി എട്ടിനു തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് നിര്‍വഹിക്കും. ഒമ്പതും 11 ദിവസങ്ങളിൽ കത്തീഡ്രലിലെ രാവിലെ ആറിന്റെയും 7.15 ന്റെയും ദിവ്യബലിക്കുശേഷം യൂണിറ്റുകളിലേക്കു അമ്പ് എഴുന്നള്ളിപ്പ്, ഒമ്പതിനു വൈകീട്ട് 5.30 നു നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ 10 നു രാവിലെ 10.30 ന്റെ ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്കു രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ കുര്‍ബാനകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി കത്തീഡ്രലിലും സ്പിരിച്ച്വാലിറ്റി സെന്ററിലുമായി 18 ദിവ്യബലികള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 4.30 നു തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിനു പള്ളിയില്‍ എത്തിച്ചേരും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് ആളും ആരവവുമില്ലാതെ വാദ്യാഘോഷങ്ങളും ആള്‍ത്തിരക്കും ഒഴിവാക്കി തിരുനാള്‍ ആചരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ച് 1000 പ്രസുദേന്തിമാര്‍ 1000 രൂപ വീതം കാഴ്ചയായി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ 1000 സൗജന്യ ഡയാലിസിനായി രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിനു കൈമാറും. തിരുനാള്‍ ദിനത്തില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിന്റെ 175-ാം ജന്മദിനത്തിന്റെ ഓര്‍മക്കായി 1500 ലധികം കിടപ്പുരോഗികള്‍ക്കു ശുശ്രൂഷ ചെയ്യുന്ന ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയറിന്റെ സൗജന്യ മരുന്നു വിതരണത്തിനായി പുതിയതായി നിര്‍മിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു മുറി സൗജന്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. പത്രസമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. റീസ് വടാശേരി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ് കൊടിയന്‍, ട്രസ്റ്റിമാരായ ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന് കൊളേങ്ങാടന്‍, ജിയോ പോള്‍ തട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സന്‍ കോട്ടോളി എന്നിവര്‍ പങ്കെടുത്തു.