ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെ സന്ദേശമായി മാറി
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിന്റെയും സ്നേഹ സാഹോദര്യത്തിന്റെയും സന്ദേശമായി മാറി. ഇന്നലെ ഉച്ചത്തിരിഞ്ഞ് 3.30 ന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയില്‍ പ്രദക്ഷിണം നടന്നത്. തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരമായ നകാരമേളമായിരുന്നു ആദ്യം. കോവിഡ് നിയന്തണങ്ങള്‍ ഉള്ളതിനാല്‍ ഒരു കാളവണ്ടിയില്‍ മാത്രമായിരുന്നു നകാരമേളം. തൊട്ടുപുറകിലായി സിഎല്‍സി, സിവൈഎം, ജീസസ് യൂത്ത് എന്നീ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് ഇരുചക്രവാഹനങ്ങളില്‍ പേപ്പല്‍ പതാകയുമായി മൂന്നു പേര്. തൊട്ടുപുറകില്‍ ഒരു സ്ലീവാ കുരിശും മൂന്നു പൊന്‍കുരിശുകളും. അതിനു പുറകില്‍ പ്രാര്‍ഥനാ ഗീതങ്ങളുമായി വാഹനം. ഇതിനു പുറകില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. ഇതിനു പുറകില്‍ വിശുദ്ധരുുടെ തിരുശേഷിപ്പുകള്‍ കൈകളിലേന്തിയ വൈദീകന്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വ്വം വിശുദ്ധരെ വരവേറ്റു. കുടുംബസമ്മേളനങ്ങളുടെ നേതൃത്വത്തില്‍ പ്രദക്ഷിണവഴികളില്‍ പൂക്കള്‍ വിതറി. രാത്രി ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിച്ചതോടെ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നടന്നു. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ അങ്ങാടികളില്നിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.