ജലമാണ്, ജീവനാണ്: പാഴാക്കരുത്
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍
കല്പറമ്പ്: പൂമംഗലം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി പാഴാകുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം. അതേസമയം നാഷണല്‍ ഹൈവേയുടെ അനുമതി ലഭിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താനാകാത്തതെന്നു ജല അഥോറിറ്റി അധികൃതര്‍ പറയുന്നു. വെള്ളാങ്കല്ലൂര്‍-മതിലകം റോഡില്‍ കല്പറമ്പ് കോളനി റോഡിലേക്കു കടക്കുന്ന ഭാഗത്താണു സംഭവം. കോളനിയിലുള്ള പഞ്ചായത്തിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നും വരുന്ന പ്രധാന പൈപ്പാണിത്. ആഴ്ചകളായി ഇത് പൊട്ടിക്കിടക്കുന്നു. പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ട നിലയിലാണ്. നേരത്തെ ലീക്കായ ഭാഗത്ത് ചെറിയ തോതിലായിരുന്നു കുഴിയെങ്കില് ഇപ്പോള്‍ രണ്ടടിയിലേറെ വട്ടത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. മുന്നറിയിപ്പായി കുഴിയില്‍ വാഴ വെച്ചിരുന്നെങ്കിലും വെള്ളത്തിന്റെ തള്ളലില്‍ വാഴ ചെരിഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പറവൂര്‍ എന്‍എച്ച് ഡിവിഷന്റെ അധീനതയിലാണു ഇപ്പോള്‍ വെള്ളാങ്കല്ലൂര്‍-മതിലകം റോഡെന്നും അവരുടെ അനുമതി ലഭിച്ചെങ്കില്‍ മാത്രമെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുകയുള്ളൂവെന്നും വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. റോഡ് പൊളിക്കാന്‍ അനുമതി ആവശ്യപ്പെട്ടിട്ട് എന്‍എച്ച് ഡിവിഷന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും അതിനു അനുമതി ലഭിച്ചിട്ടില്ല. അവരോടു ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡിമാന്‍ഡ് നോട്ട് ഇതുവരെയും തന്നിട്ടില്ല. അത് കിട്ടിയെങ്കില്‍ മാത്രമെ പണമടയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും നാഷണല്‍ ഹൈവേ എഇയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരേയും അദ്ദേഹത്തെ കിട്ടിയിട്ടില്ലെന്നും വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി.